മാനെ ഭന്‍ജാങ്ങില്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് അതിശയകരമായ പര്‍വത പ്രദേശങ്ങളും മനോഹരമായ പ്രകൃൃതി ദൃശ്യങ്ങളുമാണ്. വിന്റേജ് ലാന്‍ഡ് റോവറിലൂടെ സഞ്ചരിച്ച് സഞ്ചാരികള്‍ക്ക് ഈ പ്രകൃതിഭംഗി ആസ്വദിക്കാം. മിക്കവാറും എല്ലാ വീടുകളിലും ഇത്തരത്തില്‍ ലാന്‍ഡ് റോവറുകളുണ്ട്. 1950-കള്‍ മുതലുള്ള മോഡലുകള്‍ വരെ അക്കൂട്ടത്തിലുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് അവിടെ താമസിച്ചിരുന്ന ബ്രിട്ടീഷുകാര്‍ മാനെ ഭന്‍ജാങ്ങില്‍ ഉപേക്ഷിച്ചുപോയതാണ് ഈ വാഹനങ്ങള്‍ എന്നാണ് കരുതുന്നത്. ഇപ്പോള്‍ അവിടെയുള്ള പ്രദേശവാസികളുടെ പൂര്‍വ്വികര്‍ക്ക് ഈ വാഹനങ്ങള്‍ നല്‍കിയതായി വിശ്വസിക്കപ്പെടുന്നു. വിദൂര ഗ്രാമപ്രദേശമായ മാനെ ഭന്‍ജാങ്ങിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഇവ കരുത്ത് പകരുന്നു.
advertisement
മലനിരകളിലെ കഠിനമായ കാലാവസ്ഥയില്‍ തദ്ദേശവാസികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഇവ സഹായകമാകുന്നു. ഈ വാഹനങ്ങള്‍ ധാരാളമായി ഉള്ളതുകൊണ്ടുതന്നെ മാനെ ഭന്‍ജാങ്ങ് അറിയപ്പെടുന്നത് ലാന്‍ഡ് റോവറുകളുടെ ഗ്രാമം എന്നാണ്.
വളരെ പഴക്കം ചെന്ന മോഡലുകള്‍ പോലും ഹിമാലയത്തിലെ ദുര്‍ഘടമായ റോഡുകളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഗ്രാമത്തിലുള്ളവരും വിനോദസഞ്ചാരികളും ഇവ സാധാരണയായി ഉപയോഗിക്കുന്നു. താഴ് വരകളുടെ മനോഹരമായ കാഴ്ചകളും മൗണ്ട് എവറസ്റ്റ് ഉള്‍പ്പെടെയുള്ള പര്‍വത നഗരങ്ങളുടെ ദൃശ്യങ്ങളും സഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കുന്നത് ഈ വിന്റേജ് ലാന്‍ഡ് റോവറുകളാണ്.
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ മാനെ മന്‍ജാങ്ങിലെ കാഴ്ചകള്‍ ആളുകള്‍ക്ക് പരിയപ്പെടുത്തിയത് ഒരു ജനപ്രിയ അക്കൗണ്ടില്‍ പങ്കിട്ട വീഡിയോ വഴിയാണ്. ഈ കാഴ്ചകള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മനം കുളിര്‍പ്പിച്ചു. നിരവധി അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ ചിലര്‍ പങ്കുവെച്ചു. പൈതൃകം സാഹസികതയെ കണ്ടുമുട്ടുന്നത് ഇങ്ങനെയാണെന്നും ചരിത്രത്തെ മ്യൂസിയങ്ങളിലല്ല, മറിച്ച് സഞ്ചാരത്തില്‍ സൂക്ഷിക്കുന്ന ഗ്രാമമാണിതെന്നും ഒരാള്‍ കുറിച്ചു.
അദ്ഭുതകരമായ സ്ഥലം എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
"എന്റെ അച്ഛന്‍ 1983-ല്‍ ഡാര്‍ജിലിംഗില്‍ ആ ലാന്‍ഡ് റോവര്‍ ജീപ്പ് സ്വന്തമാക്കി. അദ്ദേഹം അത് ഒരു ടാക്‌സിയായി ഓടിച്ചു. മൂന്ന് വയസ്സുകാരനായ ഞാന്‍ അന്ന് ഒരു കണ്ടക്ടറെപ്പോലെയായിരുന്നു", ഒരു ഉപയോക്താവ് വെളിപ്പെടുത്തി. അവര്‍ക്ക് വിന്റേജ് ലാന്‍ഡ് റോവര്‍ കാണുന്നത് ഒരു നൊസ്റ്റാള്‍ജിയയുടെ നിമിഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനെ ഭന്‍ജാങ്ങില്‍ ലാന്‍ഡ് റോവറുകള്‍ വെറും മ്യൂസിയം വസ്തുക്കളല്ല. മറിച്ച് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തിന്റെയും സാമ്പത്തിക ക്ഷേമത്തിന്റെയും ഒരു അനിവാര്യ ഘടകമാണ്. പ്രശസ്തമായ സന്ദക്ഫു ട്രെക്കിന്റെ ആരംഭ പോയിന്റാണ് ഈ ഗ്രാമം.
