ദേശീയ സുരക്ഷയോ ആണവ പരീക്ഷണമോ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യയെ മറ്റൊരു രാജ്യവും നിർബന്ധിക്കുകയോ സമ്മർദ്ദത്തിലാക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദമായ സംസാരിച്ച രാജ്നാഥ് സിംഗ് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ മൂന്നാം കക്ഷി പങ്കാളിത്തം ഉണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു.
advertisement
പാകിസ്ഥാനും അമേരിക്കയും ആണവ പരീക്ഷണ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും രാജ്നാഥ് സിംഗ് പ്രതികരിച്ചു. "ഇന്ത്യ എന്തുചെയ്യുമെന്ന് ഭാവിയിൽ വ്യക്തമാകും. യുഎസോ പാകിസ്ഥാനോ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കില്ല. അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് അവർക്ക് ചെയ്യാൻ കഴിയും. ഇന്ത്യയ്ക്ക് തോന്നുന്നത് ശരിയായ സമയത്ത് ഞങ്ങൾ ചെയ്യും." അദ്ദേഹം നിലപാട് വ്യക്തമാക്കി.
നിയന്ത്രണ രേഖയിൽ ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയതിനുശേഷം മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചതെന്ന് പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. പാകിസ്ഥാൻ ഡിജിഎംഒയിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെട്ട് ആവർത്തിച്ചുള്ള ഫോൺ കോളുകൾ വന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ സഹിഷ്ണുതയില്ലാത്ത നയം പ്രതിരോധ മന്ത്രി ആവർത്തിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ സിവിലിയൻമാർക്ക് പരിക്കേറ്റുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങളെയും അദ്ദേഹം എതിർത്തു. ഇന്ത്യൻ സൈന്യം സിവിലിയൻ മേഖലകളെയല്ല, തീവ്രവാദ കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യം വച്ചിരുന്നുള്ളു എന്നും സിംഗ് വ്യക്തമാക്കി.
