ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിലൂടെ ഇന്ത്യന്‍ റെയില്‍വെ ചില ആഗോള റെക്കോഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. 1600 എച്ച്പി എഞ്ചിനുള്ള ലോകത്തിലെ ഏറ്റവും ശക്തമായ ഹൈഡ്രജന്‍ ട്രെയിന്‍ ഇപ്പോള്‍ സ്വന്തമാക്കിയതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. 26000ല്‍ പരം യാത്രക്കാരെ വഹിക്കാന്‍ ശേഷി ഈ ട്രെയിനിനുണ്ടെന്ന് അവര്‍ പറഞ്ഞു. രണ്ട് എഞ്ചിനുകള്‍ ഉള്‍പ്പെടെ 10 യൂണിറ്റുകളുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ റേക്ക് കൂടിയാണിത്.
ഹൈഡ്രജന്‍ ട്രെയിന്‍ റൂട്ട്
ഹരിയാനയിലായിരിക്കും ഹൈഡ്രജന്‍ ട്രെയിന്‍ ആദ്യം അവതരിപ്പിക്കുകയെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ജിന്ദിനും സോനിപത്തിനും ഇടയിലായിരിക്കും ഇതിന്റെ റൂട്ട്. രണ്ട് ഡ്രൈവിംഗ് പവര്‍ എഞ്ചിനുകളും എട്ട് കോച്ചുകളും അടങ്ങിയ റേക്ക് കോംപോസിഷനുള്ള ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ ട്രെയിനായിരിക്കുമിത്.
advertisement
പൈതൃക പാതകള്‍
'ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' എന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വെയ്ക്ക് 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പദ്ധതിയുണ്ടെന്ന് 2023ല്‍ കേന്ദ്ര റെയില്‍വെ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു. ഓരോ ട്രെയിനിനും 80 കോടി രൂപയും ഓരോ റൂട്ടിനും 70 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവുമാണ് ചെലവായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
111.83 കോടി രൂപ ചെലവില്‍ നിലവിലുള്ള ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്(DEMU) റേക്കില്‍ ഒരു ഹൈഡ്രജന്‍ ഇന്ധന സെല്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് പുറമെ വടക്കന്‍ റെയില്‍വേയുടെ ഭാഗമായ ജിന്ദ്-സോനിപത്ത് സെക്ഷനില്‍ ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഒരു പൈലറ്റ് പ്രോജക്ട് നടത്താനും ഇന്ത്യന്‍ റെയില്‍വെ അനുമതി നല്‍കിയിട്ടുണ്ട്.