41 പേരുടെ മരണത്തിന് കാരണമായ കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെ തലവന്‍ വിജയ് നടത്തിയ ആദ്യ റാലിക്കിടെയാണ് ഇഷ സിംഗ് അദ്ദേഹത്തിന്റെ അനുയായിയെ തടഞ്ഞുനിര്‍ത്തി ശകാരിച്ചത്. ഇത്ര വലിയ ദുരന്തം നേരിട്ടിട്ടും റാലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ പ്രവേശിപ്പിച്ചതാണ് ഇഷ സിംഗിനെ പ്രകോപിതയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇഷ സിംഗ് ദേശീയ ശ്രദ്ധനേടുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.
പുതുച്ചേരിയിലെ ഉപ്പളം എക്‌സ്‌പോ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചത്. കര്‍ശനമായ പോലീസ് മേല്‍നോട്ടത്തിലാണ് റാലി നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് വേദിയിലേക്ക് പോയി വേദിക്കുള്ളില്‍ സ്ഥലമുണ്ടെന്ന് പ്രഖ്യാപിക്കുകയും കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഉടന്‍ തന്നെ ഇഷ സിംഗ് ഇടപ്പെടുകയും അദ്ദേഹം സംസാരിക്കുന്നത് തടയുകയും ചെയ്തു. മൈക്രഫോണ്‍ അവര്‍ പിടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
"നിങ്ങള്‍ ഒരുപാട് പേരുടെ രക്തം കണ്ടതല്ലേ, 40 പേര്‍ മരിച്ചു. നിങ്ങള്‍ എന്താണീ ചെയ്യുന്നത്", ഇഷ സിംഗ് അദ്ദേഹത്തോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. അനുവദനീയമായ പരിധിക്കപ്പുറം ആളുകളെ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
സെപ്റ്റംബര്‍ 28-ന് കരൂരില്‍ നടന്ന ടിവികെ റാലിയില്‍ 41 പേര്‍ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു ഇഷ സിംഗിന്റെ വാക്കുകള്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിന് സിംഗിനെ പ്രശംസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായത്.
1998-ല്‍ മുംബൈയില്‍ ജനിച്ച ഇഷ 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് പ്രതാപ് സിംഗിന്റെ മകളാണ്. 2020-ലെ യുപിഎസ്‍സി സിഎസ്ഇ പരീക്ഷയില്‍ 191-ാം റാങ്ക് നേടിയാണ് ഇഷ സര്‍വീസില്‍ കേറിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും ഇഷ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയിട്ടുണ്ട്. 2021-ല്‍ മുംബൈയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട മൂന്ന് പേരുടെ വിധവകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേടികൊടുക്കുന്നതിനും അവര്‍ പ്രവര്‍ത്തിച്ചു.
Summary: IPS officer who earned applause on social media for stopping Vijay's supporter during a huge rally organized by Tamil Vettri Kazhagam (TVK) has been transferred
