advertisement
3000 ബിസിക്കും 3800 ബിസിക്കും ഇടയിലാണ് ലോകമെമ്പാടുമുള്ള ഒന്നിലധികം സ്ഥലങ്ങളില്‍ അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്തു തുടങ്ങിയതെന്ന ഇതുവരെയുള്ള പുരാവസ്തു കണ്ടെത്തലുകൾ ഖണ്ഡിക്കുന്നതാണ് ഈ അവകാശവാദം.
'ആന്റിക്വിറ്റി ഓഫ് അയണ്‍; റീസന്റ് റേഡിയോ മെട്രിക് ഡേറ്റ്‌സ്' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ചെന്നൈയില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമ്പുയുഗം തമിഴ് മണ്ണില്‍ ആരംഭിച്ചുവെന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പ്രഖ്യാപനം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനുമുമ്പാകെയും നടത്തുകയാണെന്ന് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പുരാവസ്തു ഗവേഷകരായ കെ. രാജനും ആര്‍. ശിവാനന്ദനും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ശിവഗലൈ, തിരുനെല്‍വേലി ജില്ലയിലെ ആദിച്ചനല്ലൂര്‍, കൃഷ്ണഗിരി ജില്ലയിലെ മയിലാടുംപാറൈ എന്നിവടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ യുഎസിലെ ഫ്‌ളോറിഡയിലെ പ്രശസ്തമായ ബീറ്റാ അനലറ്റിക്‌സ് ലാബ്, ലഖ്‌നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ്, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോട്ടറി എന്നിവടങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ചു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ലാബുകളില്‍ ഒപ്റ്റിക്കലി സ്റ്റിമുലേറ്റഡ് ലുമിസെന്‍സ്(ഒഎസ്എല്‍) വിശകലനത്തിനായാണ് സാമ്പിളുകള്‍ നല്‍കിയത്. ഇതേ സാമ്പിളുകളുടെ ഒരു ഭാഗം റേഡിയോ മെട്രിക് വിശകലനത്തിനായാണ് ഫ്‌ളോറിഡയിലെ ലാബിലേക്ക് അയച്ചത്. മൂന്ന് ലാബുകളില്‍ നിന്നും സമാനമായ ഫലങ്ങളാണ് ലഭിച്ചത്.
തമിഴ്‌നാട്ടിലാണ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് കോണോമെട്രിക് ഡേറ്റിംഗിലൂടെ കണ്ടെത്തിയതായി സ്റ്റാലിന്‍ പറഞ്ഞു. ''ഇത് തമിഴ് വംശത്തിനും തമിഴ്‌നാടിനും അഭിമാനകരമായ കാര്യമാണ്. തമിഴ് ഭൂപ്രകൃതിയില്‍ നിന്നും മനുഷ്യരാശിക്കുള്ള മഹത്തായ സമ്മാനമാണികെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും,'' സ്റ്റാലിന്‍ പറഞ്ഞു.
''ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിന് ഇനി തമിഴ്‌നാടിനെ അവഗണിക്കാന്‍ കഴിയില്ല. ശരിക്കും ഇത് ഇനി ഇവിടെ നിന്ന് ആരംഭിക്കണം. നമ്മുടെ പുരാതന സാഹിത്യത്തില്‍ എഴുതിയത് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചരിത്രമായി മാറിയിരിക്കുകയാണ്. നമ്മുടെ ദ്രാവിഡ മാതൃകാ സര്‍ക്കാരിന്റെ സൂക്ഷ്മമായ പരിശ്രമത്തിന് നന്ദി,'' പിന്നീട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. തൂത്തുക്കുടി ജില്ലയിലെ ശിവഗലൈ ഗ്രാമത്തിനടുത്തുനിന്ന് കുഴിച്ചെടുത്ത അഞ്ച് കളിമണ്‍ കലശങ്ങളുടെ ശാസ്ത്രീയ ഡേറ്റിംഗ് പഠനങ്ങളുടെ ഫലങ്ങള്‍ വിവരിക്കുന്ന രേഖകളും സ്റ്റാലിന്‍ പോസ്റ്റ് ചെയ്തു. അവ 3300 വര്‍ഷങ്ങള്‍ക്കും 4500 വര്‍ഷങ്ങള്‍ക്കും ഇടയില്‍ പഴക്കമുള്ളതാണെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയ ഫലങ്ങള്‍ അന്തിമമല്ലെന്നും കലശങ്ങളുടെ വിശകലനം നടത്തിയ ബിഎസ്‌ഐപി സംഘത്തെ നയിച്ച ലഖ്‌നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസിലെ ഭൗതികശാസ്ത്രജ്ഞനായ പി മോര്‍തെകായ് ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''ശിവഗലൈ ഒരു ശ്മശാന ഭൂമിയായിരുന്നു. അവിടെയുള്ള ചില കലശങ്ങളില്‍ മഴു, അരിവാള്‍, കഠാര തുടങ്ങിയ ഇരുമ്പ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നു,'' തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ ജോയിന്റ് ഡയറക്ടര്‍ ആര്‍. ശിവാനന്ദത്തെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കലശങ്ങളുടെ തീയതികള്‍ സൂചിപ്പിക്കുന്നത് അക്കാലത്ത് ഇരുമ്പ് ഉപകരണങ്ങള്‍ ഉപയോഗത്തിലുണ്ടായിരുന്നു എന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന പുരാവസ്തു വകുപ്പ് ചില കലശങ്ങളില്‍ നിന്നുള്ള കരി സാമ്പിളുകള്‍ റേഡിയോകാര്‍ബണ്‍ ഡേറ്റിംഗിനായി ഫ്‌ളോറിഡയിലെ മിയാമിയിലുള്ള ഒരു സ്വതന്ത്ര ലബോറട്ടറിയിലേക്ക് അയച്ചു. ഈ പരിശോധനയിൽ ഒരു സാമ്പിള്‍ 5,320 വര്‍ഷത്തിനും 5,460 വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ളതാണെന്ന് കണ്ടെത്തി. ഈ പുരാവസ്തു, ഡേറ്റിംഗ് പഠനങ്ങള്‍ ഇതുവരെ പിയര്‍-റിവ്യൂ ചെയ്ത് ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
''പതിറ്റാണ്ടുകളായി നടക്കുന്ന പുരാവസ്തു ഖനനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുമ്പുയുഗം വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ സ്വതന്ത്രമായി ആരംഭിച്ചതാണെന്നാണ്. പശ്ചിമേഷ്യയില്‍ നടത്തിയ ഖനനങ്ങളില്‍ 3,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പ് ഉരുക്കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്,'' റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യകാല ഇരുമ്പ് പുരാവസ്തുക്കള്‍ ഏകദേശം 3,800 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാ സമതലങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം യൂറോപ്പിലെ ആദ്യകാല ഇരുമ്പ് യുഗം 2,800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്വീകരിച്ചത്. അപ്പോഴേക്കും ഇരുമ്പുപയോഗിച്ചുള്ള ഉപകരണങ്ങൾ ലോകമെമ്പാടും വ്യാപകമായി നിർമിച്ച് തുടങ്ങിയിരുന്നു.
എന്നാല്‍ 12 വര്‍ഷം മുമ്പ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത് പുരാതന ഈജിപ്തുകാര്‍ ഉല്‍ക്കാശിലയിലെ ഇരുമ്പ് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രാവീണ്യം നേടിയിരുന്നു എന്നാണ്.
ശിവഗലൈയിലെ കണ്ടെത്തലുകളെ മുഖ്യമന്ത്രി സ്റ്റാലിൻ പുരാതന ദ്രാവിഡ നാഗരികതയുമായി ബന്ധപ്പെടുത്തി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യകാല നിവാസികളില്‍ ഒന്നാണ് ദ്രാവിഡർ എന്ന് വിശ്വസിക്കപ്പെടുന്നു. അവർ വികസിത സിന്ധു നദീതട നാഗരികതയുമായി ബന്ധപ്പെട്ടതും ആര്യന്മാരുടെ വരവിന് മുമ്പ് ജീവിച്ചിരുന്നതുമാണെന്ന് കരുതപ്പെടുന്നു. അവർ പിന്നീട് ഈ പ്രദേശത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ ഭൂപ്രകൃതിയെ സ്വാധീനിച്ചതായും കരുതപ്പെടുന്നു.
ഇരുമ്പയിര് കണ്ടെത്തിയ പുരാവസ്തു കേന്ദ്രങ്ങളില്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന ഖനനങ്ങളിലും ഇതനോടകം ഖനനം ചെയ്ത സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ ഇരുമ്പ് വസ്തുക്കളുടെ ലോഹശാസ്ത്ര വിശകലനവും നിലവിലെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുമെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു.
''ഒരു ഇന്ത്യക്കാരനും 80 വയസ്സ് പ്രായമുള്ള പുരാവസ്തു ഗവേഷകനുമെന്ന നിയില്‍ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈവശം വയ്ക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുകയാണ്. 3500 വര്‍ഷം മുമ്പ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്തതായി തമിഴ്‌നാട് സംസ്ഥാന പുരാവസ്തു വകുപ്പ് ലോകത്താദ്യമായി കണ്ടെത്തി. ഈ കണ്ടെത്തല്‍ ഇന്ത്യക്ക് മാത്രമല്ല, ലോകം മുഴുവനും പ്രാധാന്യമേറുന്നതാണ്,'' ചടങ്ങില്‍ സംസാരിച്ച കേംബ്രിജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ എമിരിറ്റ്‌സ് ദിലീപ് കുമാര്‍ ചക്രബര്‍ത്തി പറഞ്ഞു.
ഇന്ത്യയിലെ ഇരുമ്പുയുഗത്തിന്റെ പൗരാണികത ബിസി ആറാം നൂറ്റാണ്ടിനപ്പുറത്തേക്ക് പോയിട്ടില്ലെന്നാണ് പഠിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മിച്ചു. ''ഇപ്പോള്‍ അത് ബിസി ആറാം നൂറ്റാണ്ടില്‍ നിന്ന് 2500 ബിസി വരെ പോയിരിക്കുകയാണ്. ഞാൻ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈ മാറ്റം കണ്ടെത്താന്‍ കഴിഞ്ഞുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്,'' ചക്രബര്‍ത്തി പറഞ്ഞു.
അതേസമയം, കണ്ടെത്തലിനെ ചരിത്രപരമായ സംഭവമെന്നാണ് ചടങ്ങിൽ പങ്കെടുത്ത ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറലായ ഡോ. രാകേഷ് തിവാരി വിശേഷിപ്പച്ചത്. ഇരുമ്പുയുഗം ഇന്ത്യയിലാണ് ഉത്ഭവിച്ചതെന്ന് ആദ്യമായി പ്രവചിച്ചത് പ്രൊഫസര്‍ ചക്രബര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, അത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വന്നെത്തുകയായിരുന്നുവെന്നാണ് മിക്ക പണ്ഡിതരും വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ഏജന്‍സികളില്‍ നിന്നു പുരാവസ്തു ഗവേഷകരെയും പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ അഭിനന്ദിക്കുന്നതായും തിവാരി പറഞ്ഞു. അവര്‍ മികച്ച പിന്തുണ നല്‍കിയതായും ഇത്തരമൊരു സമീപനം അപൂര്‍വമാണെന്നും ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഗവേഷണത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാടിന്റെ സംഭാവനകൾ, നമ്മുടെ രാജ്യത്തുടനീളമുള്ള എണ്ണമറ്റ നാഴികക്കല്ലുകൾക്കൊപ്പം, ഇന്ത്യയുടെ നവീകരണത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതായി സ്റ്റാലിന്റെ ട്വീറ്റ് പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.