ജൈന ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ (ജിറ്റോ) മുഖേനയാണ് ഈ ഇടപാട് നടന്നത്. ഇന്ത്യയിലുടനീളമുള്ള 65,000 അംഗങ്ങളുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ബോഡിയാണ് ജിറ്റോ എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഹിമാന്‍ഷു ഷാ പറഞ്ഞു. മുന്‍ നിര ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് സംഘടന അംഗങ്ങള്‍ക്ക് മികച്ച വിലയ്ക്ക് വാഹനങ്ങള്‍ ലഭ്യമാക്കിയത്.
60 ലക്ഷം രൂപ മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ള 186 ആഡംബര വാഹനങ്ങളാണ് അംഗങ്ങള്‍ക്ക് കൈമാറിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങളുടെ വില്പന നടന്നത്. ജിറ്റോയുടെ രാജ്യവ്യാപകമായ ഡ്രൈവ് അംഗങ്ങള്‍ക്ക് 21 കോടി രൂപ ലാഭിക്കാന്‍ സഹായിച്ചതായും ഹിമാന്‍ഷു ഷാ അറിയിച്ചു.
advertisement
ഇടപാടില്‍ സംഘടന ഒരു ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും ലാഭം നേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജൈന വിഭാഗക്കാരാണ് ഭൂരിഭാഗം കാറുകളും വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വന്‍ കിഴിവുകള്‍ നേടുന്നതിന് സമൂഹത്തിന്റെ ശക്തമായ വാങ്ങല്‍ ശേഷി പ്രയോജനപ്പെടുത്തണമെന്ന് ചില ജിറ്റോ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചതെന്ന് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയ നിതിന്‍ ജെയിന്‍ പറഞ്ഞു.
വാങ്ങല്‍ ശേഷി ജൈനവിഭാഗക്കാരുടെ പ്രധാന ശക്തികളിലൊന്നായതിനാല്‍ ഉയര്‍ന്ന കിഴിവ് ലഭിക്കാന്‍ ബ്രാന്‍ഡുകളുമായി നേരിട്ട് സഹകരിക്കുകയെന്ന ആശയം മുന്നോട്ടുവച്ചു. ഈ കരാര്‍ കമ്പനികള്‍ക്കും നേട്ടമായതിനാല്‍ അവര്‍ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഓരോ അംഗവും ഈ ഇടപാടില്‍ നിന്ന് ശരാശരി എട്ട് ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെ ലാഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ ഇടപാട് വിജയിച്ചതിന്റെ ആവേശത്തില്‍ ഉത്സവ് എന്ന പേരില്‍ മറ്റൊരു പരിപാടിയും ജിറ്റോ ആരംഭിച്ചിട്ടുണ്ട്. ആഭരണങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ പ്രധാന ബ്രാന്‍ഡുകളുമായി സഹകരിച്ച് സമാന ഡീല്‍ ഉറപ്പാക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.