ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, പ്രിയങ്ക ചതുർവേദി, സുഷ്മിത ദേവ് കോൺഗ്രസ് വിട്ട് മറുകണ്ടം ചാടിയ യുവനേതാക്കൾ നിരവധി. നേതാക്കൾ ഒന്നൊന്നായി പാർട്ടി വിടുന്നതിനിടെയാണ് കലയ്ക്കും രാഷ്ട്രീയത്തിനും സാഹിത്യത്തിനുമെല്ലാം വളക്കൂറുള്ള മണ്ണായ ജെഎൻയു ക്യാമ്പസിനെ ആസാദി മുഴക്കി ഇളക്കി മറിച്ച, സർവകലാശാലയുടെ ചരിത്രത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ എഐഎസ്എഫ് നേതാവായ കനയ്യയുടെ കോൺഗ്രസ് പ്രവേശനം. മോദി സർക്കാരിനെതിരെ രാജ്യത്ത് ഉയരുന്ന യുവജന പ്രതിഷേധങ്ങളിൽ മുൻ നിരയിൽ ഉള്ള നേതാക്കളിൽ ഒരാളാണ് കനയ്യ എന്നതിനാൽ കൊഴിഞ്ഞുപോക്കിനിടയിൽ അത് കോൺഗ്രസിന് നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ഇടത് രാഷ്ട്രീയം ഉയർത്തിപിടിച്ച് പിന്നീട് വഴിമാറി സഞ്ചരിച്ച ജെഎൻയുവിലെ ആദ്യ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അല്ല കനയ്യ. അതിന് ഉദാഹരണങ്ങൾ നിരവധി. ആ നേതാക്കൾ ആരൊക്കെയെന്ന് പരിശോധിക്കാം.
advertisement
ഡി. പി ത്രിപാഠി
1975 ജൂൺ 25 ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയിരുന്നു ദേവി പ്രസാദ് ത്രിപാഠി എന്ന ഡി പി ത്രിപാഠി. അടിയന്തരാവസ്ഥയ്ക്ക് എതിരെ വിദ്യാർത്ഥി സമരം നയിച്ച എസ്എഫ്ഐ നേതാവ്. കിരാത നിയമമായ മിസ ചുമത്തപ്പെട്ട് ത്രിപാഠിക്ക് തിഹാർ ജയിലിൽ കഴിയേണ്ടി വന്നത് ഏതാണ്ട് രണ്ടു വർഷക്കാലം. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തു നിൽപ്പിന്റെ പ്രതീകങ്ങളിൽ ഒന്നായിരുന്ന ആ തീപ്പൊരി ജെഎൻയു വിട്ടിറങ്ങിയ ശേഷം എത്തിയത് ഇന്ദിരയുടെ കോൺഗ്രസിലേക്ക്. 1983 ൽ കോൺഗ്രസിൽ ചേർന്ന ത്രിപാഠി രാജീവ് ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായി. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ശരദ് പവാർ 1999 ൽ എൻസിപി രൂപീകരിച്ചപ്പോൾ ത്രിപാഠിയും പാർട്ടി വിട്ടിറങ്ങി. എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റ് അംഗവുമായി .
ഷക്കീൽ അഹമ്മദ് ഖാൻ
ഷക്കീൽ അഹമ്മദ് ഖാനും ഒരു ജെഎൻയു ഉൽപ്പന്നമാണ്. എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിൽ സജീവമായി ജെഎൻയു സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയി (1992-1993).ബാബറി മസ്ജിദ് തകർത്തപ്പോഴും റാവു സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെയും വിദ്യാർത്ഥികളെ നയിച്ച നേതാവ്. ക്യാമ്പസ് വിട്ടിറങ്ങിയ ഷക്കീൽ അഹമ്മദ് ഖാൻ 1999 ൽ കോൺഗ്രസിൽ ചേർന്നു. പ്രവർത്തനകേന്ദ്രം ജന്മനാടായ ബിഹാറിലേക്ക് മാറ്റി. ഇപ്പോൾ കഠിഹാർ ജില്ലയിലെ കട്വാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. കോൺഗ്രസ് ദേശീയ സെക്രട്ടറി.
സെയ്ദ് നാസർ ഹുസൈൻ
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ. 1999-2000 കാലയളവിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. എസ്എഫ്ഐ വിട്ട് നാസർ ഹുസൈൻ പിന്നീട് യൂത്ത് കോൺഗ്രസായി. സംഘടനയുടെ ദേശീയ സെക്രട്ടറിയായി.2018 മുതൽ രാജ്യസഭാംഗം.ഉപരിസഭയിലെ പാർട്ടി വിപ്പാണ് കർണാടകത്തിൽ നിന്നുള്ള ഈ നേതാവ്.
സന്ദീപ് സിംഗ്
2005 നവംബറിൽ ജെഎൻയു സർവകലാശാലയിൽ എത്തിയ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിനെ കരിങ്കൊടിയോടെയാണ് വിദ്യാർഥികൾ വരവേറ്റത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയായിരുന്നു വിദ്യാർത്ഥി പ്രതിഷേധം. അതിനു നേതൃത്വം നൽകിയ നേതാവ് ആയിരുന്നു സന്ദീപ് സിംഗ്. സിപിഐഎംഎല്ലിന്റെ വിദ്യാർത്ഥി വിഭാഗമായ ഐസയുടെ നേതാവ്. 2007 ൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ആയ തെരെഞ്ഞെടുക്കപ്പെട്ടു ആ തീപ്പൊരി. മുകളിൽ പല നേതാക്കളുടെയും കാര്യം സൂചിപ്പിച്ചതുപോലെ സന്ദീപ് ഇന്ന് കോൺഗ്രസിനൊപ്പമാണ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രസംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും തയ്യാറാക്കുന്നത് സന്ദീപ് സിംഗ് ആണ്.
മോഹിത് പാണ്ഡേ
ജെഎൻയുവിൽ കനയ്യ കുമാറിന്റെ പിൻഗാമി. 2016-17 കാലയളവിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. വിദ്യാർത്ഥി കാലഘട്ടത്തിൽ ഐസ നേതാവായിരുന്നു. ഇപ്പോൾ കോൺഗ്രസിൽ. പ്രിയങ്ക ഗാന്ധിയുടെ സംഘത്തിലെ അംഗം. യു പി കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തലവൻ. ബി എൽ ബൈർവ അടക്കം ഇടത് രാഷ്ട്രീയത്തിലൂടെ തുടങ്ങി വഴി മാറി സഞ്ചരിച്ച നേതാക്കളുടെ പട്ടിക ഇനിയും ഏറെ.