രണ്ട് വര്‍ഷം മുമ്പ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. സംസ്ഥാനത്തെ 224 സീറ്റുകളില്‍ 135 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 2018ല്‍ നേടിയതിനേക്കാല്‍ 55 സീറ്റുകളില്‍ വിജയം കരസ്ഥമാക്കി. ബിജെപിക്ക് കേവലം 66 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
മാലൂര്‍ സീറ്റില്‍ കോണ്‍ഗ്രസിന്റെ കെ.വൈ നഞ്ചെഗൗഡയാണ് വിജയിച്ചത്. ബിജെപിയുടെ മഞ്ജുനാഥ് ഗൗഡയെ 248 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി അവകാശപ്പെട്ട ഗൗഡ ഈ നേരിയ ഭൂരിപക്ഷത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. വോട്ടെണ്ണലിന്റെ വീഡിയോ റെക്കോര്‍ഡിംഗ് സമര്‍പ്പിക്കുന്നതില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പരാജയപ്പെട്ടതായി ഹൈക്കോടതി നിരീക്ഷിച്ചു.
advertisement
ഇത് നടപടിക്രമങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നതായി കോടതി പറഞ്ഞു. ഫലം മാറ്റിവെച്ച് വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഹൈക്കോടതി 30 ദിവസത്തെ ഇടക്കാല സ്‌റ്റേ അനുവദിച്ചു.
1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(സെക്യുലര്‍)സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ തട്ടിപ്പ് കാരണം താന്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടതായി കഴിഞ്ഞ മാസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ചോരി പ്രചാരണത്തില്‍ മാലൂര്‍ എംഎല്‍എയുടെ കേസ് രണ്ടാമത്തെ സംഭവമായി കണക്കാക്കപ്പെടുന്നു.
ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്റെ 'വോട്ട് ചോരി' പ്രചാരണം സജീവമായത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണിത്.
കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇന്‍ഡി മുന്നണിയ്ക്ക് നല്‍കിയ പവര്‍പോയിന്റ് പ്രസന്റേഷനുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബെംഗളൂരുവിലെ മഹാദേവപുരയിലെ വോട്ട് തിരിമറിയിലാണ് രാഹുല്‍ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചത്. വോട്ട് തട്ടിപ്പ് നടന്നതിന്റെ തെളിവായി 80 പേര്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്നതായി കാണിക്കുന്ന വോട്ടര്‍പട്ടിക രേഖകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാല്‍ വീട്ടുടമ ഈ അവകാശവാദം ശക്തമായി നിഷേധിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സെപ്റ്റംബര്‍ 1നും ഈ വിഷയത്തില്‍ ബിജെപിയില്‍ സമ്മര്‍ദം ചെലുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചിരുന്നു. ''ഒരു വോട്ട് ചോരി ഹൈഡ്രജന്‍ ബോംബ് വരുന്നുണ്ടെന്ന്'' അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, ഗൂഢാലോചനയും വോട്ട് തട്ടിപ്പും നടന്നതായുള്ള വാദത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. അവകാശവാദത്തില്‍ രാഹുല്‍ ഗാന്ധി തെളിവ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിജെപിയും ഈ ആരോപണത്തെ തള്ളിക്കളയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ്, 45 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നുവെന്ന് 'വോട്ട് ചോരി' ആരോപണം പുറത്തുവന്നതിന് പിന്നാലെ ബിജെപി ആരോപിച്ചിരുന്നു.