കോളിളക്കം സൃഷ്ടിച്ച ധര്‍മ്മസ്ഥല കേസില്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനായി എസ്‌ഐടിയിലൂടെ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സത്യം പുറത്തുവരണമെന്നും മന്ത്രി പറഞ്ഞു. "സമ്മർദ്ദത്തില്‍പ്പെടാതെ സത്യം കണ്ടെത്താനുള്ള അന്വേഷണമാണ് ഉദ്ദേശിക്കുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതല്ലേ? സംഭവത്തില്‍ ഭാവി നടപടികള്‍ ആഭ്യന്തരമന്ത്രി തീരുമാനിക്കും", ദിനേശ് ഗുണ്ടു റാവു അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷം മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ബിജെപി വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു. ബിജെപി തുടക്കം മുതല്‍ തന്നെ ഈ തന്ത്രമാണ് പിന്തുടരുന്നത്. അന്വേഷണം ഭഗവാന്‍ മഞ്ജുനാഥ സ്വാമിയുടെയും ക്ഷേത്രത്തിന്റെയും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന ആരോപണം സത്യത്തില്‍ നിന്ന് അകലെയാണെന്നും മന്ത്രി വ്യക്തമാക്കി. എസ്‌ഐടി ടീമിന്റെ അന്വേഷണവും ധര്‍മ്മസ്ഥല ക്ഷേത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തില്‍ നിന്നല്ല മൃതദേഹങ്ങള്‍ പുറത്തെടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
advertisement
അടുത്തിടെ മൃതദേഹം കുഴിച്ചെടുത്തതുമായി ബന്ധപ്പെട്ട് ബിജെപി മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ദിനേശ് ഗുണ്ടു റാവു ആരോപിച്ചു. കുഴിച്ചെടുക്കല്‍ ക്ഷേത്രത്തിന്റെ പവിത്രത നഷ്ടമാക്കുന്നില്ലെന്നും സത്യം പുറത്തുവരുന്നത് ആര്‍ക്കും പ്രശ്‌നമാകരുതെന്നും ഭക്തര്‍ അവരുടെ വിശ്വാസത്തില്‍ നിന്നും പെട്ടെന്ന് വ്യതിചലിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"രാഷ്ട്രീയ നേട്ടത്തിന്റെ കണ്ണിലൂടെയാണ് ബിജെപി എല്ലാത്തിനെയും കാണുന്നത്. തുടക്കത്തില്‍ അവര്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പത്ത് ദിവസം മൗനം പാലിച്ചു. വസ്തുതകള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി", മന്ത്രി ആരോപിച്ചു.
ധര്‍മ്മസ്ഥലയിലെ പരാതിക്കാരനായ സാക്ഷി സംരക്ഷണയിലിരിക്കെ അദ്ദേഹത്തിന്റെ ഐഡന്റിന്റി ഒരു മാധ്യമ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വാര്‍ത്തകളായി. അവ ഗൗരവമുള്ളതാണെന്നും എസ്‌ഐടി സത്യം പുറത്തുകൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു സംശയവും ബാക്കിയാക്കാതെയുള്ള സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കേസിലെ ഗൂഢാലോചന സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. "എസ്‌ഐടി എല്ലാ കോണില്‍ നിന്നും ഇക്കാര്യം പരിശോധിക്കും. പ്രത്യേകിച്ച് മഴക്കാലത്ത് വനപ്രദേശത്ത് കുഴിച്ചെടുക്കല്‍ പ്രക്രിയ അത്ര എളുപ്പമല്ല. പോലീസ് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. മൃതദേഹം കുഴിച്ചിട്ടതായി ആരോപിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കുഴിച്ചെടുക്കല്‍ നടപടി തുടരുന്ന കാര്യത്തില്‍ എസ്‌ഐടി ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കും. വിവിധ സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും ആവശ്യപ്രകാരമാണ് ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്", മന്ത്രി വിശദമാക്കി.