സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് രഞ്ജിത്തിന്റെ ഹർജി പരിഗണിച്ച് കേസ് റദ്ദാക്കാൻ തീരുമാനിച്ചത്. കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു.
രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച് രഞ്ജിത്ത് മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് യുവാവ് പൊലീസിൽ മൊഴി നൽകിയത്. ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി.
advertisement
ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണു കേസ്. ഈ ദൃശ്യങ്ങൾ പ്രമുഖ നടിക്ക് അയച്ചുനൽകിയെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ കേസിൽ ആരോപിക്കുന്ന സമയത്ത് പ്രസ്തുത താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.
2024 ൽ കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണു സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽനിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.
Summary: Karnataka High Court quashes sexual assault case filed by youth against filmmaker Ranjith