സ്‌കൂളില്‍ ശിരോവസ്ത്രവും മുഴുനീളൻ കൈയുള്ള ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മുസ്ലീം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ''വസ്ത്രധാരണരീതി സംബന്ധിച്ച തീരുമാനമെടുക്കാന്‍ സ്ഥാപനത്തിന് പൂര്‍ണ സ്വാതന്ത്രമുണ്ടെന്ന്'' ഉത്തരവിൽ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് നിരീക്ഷിച്ചു. സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ ഉദ്ധരിച്ചിരുന്നു.
എന്നാല്‍, കേരള ഹൈക്കോടതി ഉത്തരവ് സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു. കർണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ, കേരള ഹൈക്കോടതിയുടെ ഉത്തരവ് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ, ഒരു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെന്ന് വാദിച്ചു.
advertisement
'ഇവിടത്തെ കേസ് സര്‍ക്കാര്‍ സ്ഥാപനത്തെ സംബന്ധിച്ചുള്ളതാണ്. അത് എല്ലാ ഇന്ത്യൻ പൗരന്മാർക്കും കര്‍ണാടകയിലെ നിവാസികള്‍ക്കും അവകാശപ്പെട്ടതാണ്'', അഭിഭാഷകന്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ മൗലിക അവകാശത്തിന് വിരുദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തിഗത അവകാശം അടിച്ചേല്‍പ്പിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതി 2018ൽ നൽകിയ ഉത്തരവിൽ പറഞ്ഞത്. ഫാത്തിമ തസ്‌നീം, ഹഫ്സ പര്‍വീൻ എന്നീ ഹർജിക്കാരെ ശിരോവസ്ത്രവും മുഴുനീളൻ കൈയുള്ള ഷര്‍ട്ടും ധരിച്ച് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ സ്ഥാപനമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സ്ഥാപനത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണത്. ഇത്തരമൊരു അപേക്ഷ പരിഗണിക്കാന്‍ സ്ഥാപനത്തോട് നിര്‍ദേശിക്കാന്‍ പോലും കഴിയില്ലെന്നും അന്ന് കോടതി ചൂണ്ടികാട്ടി.
''ഓരോ വിധിയും അതാത് കേസിനെ സംബന്ധിച്ച വസ്തുതകളെ ആശ്രയിച്ചിരിക്കുന്നു. ഓരോ കേസിലും അത് വ്യത്യാസപ്പെടാം. അതിനാൽ ഒരു വിധിയും അന്തിമമായി കണക്കാക്കാനാവില്ല'', 2018ലെ കേരള ഉത്തരവിനെക്കുറിച്ച് അഭിപ്രായപ്പെട്ട മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി അസഫ് അലി പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കേസില്‍ വിധിവരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുംവരെ കോളേജുകള്‍ അടച്ചിടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും കോളേജുകള്‍ ഉടന്‍ തുറന്നു അധ്യയനം പുനരാരംഭിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അതേസമയം, മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലോ സ്‌കൂളിലോ പോകാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.