തിരുവനന്തപുരത്തിനും മംഗലാപുരത്തിനുമിടയില്‍ മൂന്നാമത്തെയും നാലാമത്തെയും പാതയും മറ്റ് ആവശ്യങ്ങളും കേരളം ഉന്നയിച്ചതായി ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു. മൂന്നാമത്തെയും നാലാമത്തെയും പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സഹായം നല്‍കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം വിവിധ ഇടങ്ങളില്‍ സര്‍വെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ തിരുവനന്തപുരത്തിനെയും മംഗളൂരുവിനെയും ബന്ധിപ്പിച്ചുകൊണ്ട് നമോഭാരത് അതിവേഗ പാത അവതരിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലും ബംഗളൂരുവിലും ഈ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റീജിയണല്‍ റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റമായ(ആര്‍ആര്‍ടിഎസ്) നമോ ഭാരത് ട്രെയിന്‍ ഒരു വര്‍ഷം മുമ്പാണ് രാജ്യത്ത് അവതരിപ്പിച്ചത്. 160 കിലോമീറ്ററാണ് ഇതിന്റെ പ്രവര്‍ത്തന വേഗത. നമോ ഭാരത് റാപിഡ് റെയില്‍ ബംഗളൂരുവില്‍ വൈകാതെ അവതരിപ്പിക്കുമെന്ന് റെയില്‍വെ മന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
advertisement
വന്ദേഭാരത് ട്രെയിനിനുള്ള ജനപ്രിയത ചൂണ്ടിക്കാട്ടി കേരളത്തില്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യം കേരളം മുന്നോട്ടുവെച്ചു. കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളിലാണ് രാജ്യത്തെ മറ്റ് വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ തിരക്ക്. രണ്ടിനും വേഗത ശരാശരി മണിക്കൂറില്‍ 73 കിലോമീറ്റര്‍ മാത്രം ആയിരിക്കെ ആണ് ഈ അവസ്ഥ.
കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ മറ്റ് സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് ജനപ്രിയമാണ് എന്ന വസ്തുത കണക്കിലെടുത്ത് സംസ്ഥാനത്ത് ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ക്കും പകരമായി പുതിയ വന്ദേഭാരത് വേണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ 16, എട്ട് കാര്‍ സെറ്റുകള്‍ക്ക് പകരം 20 കാര്‍ ട്രെയിന്‍ സെറ്റുകള്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
എറണാകുളത്തിനും ബംഗളൂരുവിനും ഇടയില്‍ കൊണ്ടുവന്ന പ്രത്യേക വന്ദേഭാരത് സര്‍വീസ് പുനഃസ്ഥാപിക്കണമെന്നും അത് സ്ഥിരമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ഇതിന് പുറമെ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ പ്രൊജക്ടിന്റെ കാര്യവും കേരളം കേന്ദ്ര റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന് റെയില്‍വെ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും കേരളം അദ്ദേഹത്തെ അറിയിച്ചു.
ഇതോടൊപ്പം നിലമ്പൂര്‍-നഞ്ചര്‍കോട് റെയില്‍ പദ്ധതി, തലശ്ശേരി-മൈസൂര്‍ പദ്ധതി, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ സെക്ഷനില്‍ പുതിയ റെയില്‍വേ പാത എന്നിവ അനുവദിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതിന് പുറമെ അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി മരവിപ്പിച്ചത് പുനഃപരിശോധിക്കാനും സംസ്ഥാനം ആവശ്യപ്പെട്ടു.
കേരളത്തിലെ റെയില്‍വെ വികസനം സംബന്ധിച്ച് അനുകൂല തീരുമാനം എടുക്കുന്നതിന് ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടത്താമെന്ന് കേന്ദ്ര റെയില്‍വെമന്ത്രി ഉറപ്പുനല്‍കിയതായി കേരളത്തില്‍ റെയില്‍വെയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.