ഡെപ്യൂട്ടി കളക്ടര്‍ കം എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് മുകുന്ദ് വല്ലഭ് ജോഷി ഇതുസംബന്ധിച്ച് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തേങ്ങ പറിക്കുന്നതിന് കൂടുതല്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറുന്നയാള്‍ അംഗീകൃത ക്ലൈംബിംഗ് ഗിയര്‍ ഉപയോഗിക്കണം. അതേസമയം, നിലത്ത് നില്‍ക്കുന്നയാള്‍ ഹെല്‍മറ്റുകളും ഗ്ലൗസുകളും ഉപയോഗിക്കണം. ട്രാഫിക് കൂടുതലുള്ള സമയങ്ങളിലും സ്‌കൂള്‍ സമയങ്ങളിലും തേങ്ങ പറിക്കാന്‍ പാടുള്ളതല്ല. തുറമുഖം ഷിപ്പ് എംബാര്‍ക്കേഷന്‍/ഡി-എംബാര്‍ക്കേഷന്‍ വിന്‍ഡോകള്‍ പുറപ്പെടുവിക്കുന്ന സമയത്തും തേങ്ങ പറിക്കാന്‍ പാടില്ല.
advertisement
''പൊതുവഴിയോട് ചേര്‍ന്നുള്ള തെങ്ങുകളില്‍ നിന്ന് തേങ്ങ പറിക്കാന്‍ ഉദ്ദേശിക്കുന്ന ഉടമകളും കരാറുകാരനും കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും എസ്എച്ച്ഒ, എഇ (റോഡ്‌സ്), എല്‍പിഡബ്ല്യുഡി എന്നിവരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അവരുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമെ തേങ്ങ പറിക്കാന്‍ പാടുള്ളൂ,'' ഓഗസ്റ്റ് 28ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഈ ഉത്തരവ് ലക്ഷദ്വീപില്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. ഇത്തരം യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ക്കെതിരേ ദ്വീപ് നിവാസികള്‍ എതിര്‍പ്പ് ഉന്നയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
'കൂടിയാലോചന നടത്താതെ ഉത്തരവ് പുറപ്പെടുവിച്ചു'
പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത് തടയുകയാണെന്ന് ഈ നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു. ''മുന്‍കൂട്ടി അനുമതി വാങ്ങാതെയും ആവശ്യമായ സുരക്ഷാ നടപടികളില്ലാതെയും പൊതുവഴികളോട് ചേര്‍ന്നുള്ള തെങ്ങുകളില്‍ കയറുന്നതും തേങ്ങ പറിക്കുന്നതും തേങ്ങ വീഴുന്നതിനും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നതായി ആവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,'' ഉത്തരവ് വ്യക്തമാക്കി. ടേപ്പ്, ഫ്‌ളാഗ്മാന്‍ (അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന വ്യക്തി), കോണുകൾ എന്നിവ ഉപയോഗിച്ച് തെങ്ങുകള്‍ക്ക് ചുറ്റും കുറഞ്ഞത് 10 മീറ്റര്‍ ദൂരത്തില്‍ സുരക്ഷാ വലയം ഉറപ്പാക്കാനും ഉത്തരവില്‍ പറയുന്നു.
തേങ്ങ പറിക്കുന്ന സമയത്ത് നിലത്ത് ഒരു സൂപ്പര്‍വൈസര്‍ ഉണ്ടായിരിക്കണം. റോഡിന്റെ രണ്ട് അറ്റത്തും മുന്നറിയിപ്പുകള്‍ നല്‍കണം, ഈ സമയം തേങ്ങ പറിക്കുന്ന ഇടത്തേക്ക് കാല്‍നടയാത്രക്കാരെ താത്കാലികമായി വിലക്കണം, തെങ്ങിന്റെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്നിവയും ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം, വിചിത്രമായ ഈ ഉത്തരവ് സുരക്ഷ അപകടത്തിലാക്കുകയാണ് ചെയ്യുകയെന്ന് ലക്ഷദ്വീപ് ഡിസിസി പ്രസിഡന്റ് എംഐ ആറ്റക്കോയ പറഞ്ഞു. ''ഇതുവരെ ദ്വീപില്‍ തേങ്ങ വീണ് ഒരാള്‍ പോലും മരിച്ചിട്ടില്ല. ഇനി മുതല്‍ പല ഉടമകളും തേങ്ങ കൃത്യസമയത്ത് പറിക്കാൻ സാധ്യതയില്ല. ഇത് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമുണ്ടാക്കിയേക്കും,'' അദ്ദേഹം പറഞ്ഞു.
ഉത്തരവില്‍ സുരക്ഷയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെങ്കിലും തൊഴില്‍ അവകാശത്തിന്മേലുള്ള യുക്തിരഹിതമായ നിയന്ത്രണങ്ങള്‍ ഉപജീവനത്തിന് ഗുരുതരമായ ഭീഷണിയുണ്ടാക്കുമെന്ന് അഭിഭാഷകനായ അജ്മല്‍ അഹമ്മദ് ആര്‍ പറഞ്ഞു. ''റോഡിരികിലെ തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം പൊതുഅവബോധത്തിലൂടെയും സ്വമേധയായുള്ള മുന്‍കരുതലുകളിലൂടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഇത് ബാധിക്കുന്ന വ്യക്തികളോട് മുന്‍കൂര്‍ കൂടിയാലോചന നടത്തുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്തില്ല,'' ജില്ലാ കളക്ടറിന് സമര്‍പ്പിച്ച പരാതിയില്‍ അജ്മല്‍ പറഞ്ഞു. ''ന്യായരഹിതമായ ഉത്തരവ് പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ ഹൈക്കോടതിയെ സമര്‍പ്പിക്കും,'' അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗത തൊഴിലും പ്രാഥമിക ഉപജീവനമാര്‍ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളില്‍ നിരവധി പൊതു റോഡുകള്‍ ഉള്ളതിനാല്‍ ധാരാളം തെങ്ങുകള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരുന്നുണ്ട്.