സവാദി കോൺഗ്രസ് പാളയത്തിലെത്തിയത് ബിജെപിയെക്കുറിച്ചുള്ള പൊതുബോധം തകർക്കാനും ലിംഗായത്ത് വിഭാഗത്തിനിടയിൽ ബിജെപി കെട്ടിപ്പടുത്തിരുന്ന ശക്തമായ അടിത്തറ ഇളക്കാനും വലിയൊരു കാരണമായി മാറിയിരുന്നു. സവാദിയ്ക്കു പിന്നാലെ ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറും കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, ഷെട്ടാറിൻ്റെ സാന്നിധ്യം സംസ്ഥാനത്തെ ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലേക്കെത്താൻ സഹായിച്ചിട്ടുണ്ട്.
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു
ബെൽഗാവി ജില്ലയിലെ അതാനിയിൽ നിന്നും 75,000ലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സവാദി ജയിച്ചു കയറിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം സവാദിയ്ക്ക് ഉറപ്പാണെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മന്ത്രിസഭയിൽ സവാദിയ്ക്ക് ഇടമില്ലാത്തതിൽ ഞെട്ടലിലാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും.
advertisement
കൂറുമാറ്റക്കാർക്ക് പ്രതിഫലം നൽകേണ്ടതുണ്ടോ എന്ന വിഷയത്തിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് സവാദിയുടെ പേര് പട്ടികയിൽ നിന്നും ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഹസ്സൻ ജില്ലയിലെ അരസിക്കരെയിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ജെഡിഎസ് നേതാവ് കെ എം ശിവലിംഗെ ഗൗഡയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ഹൈക്കമാൻഡ് തള്ളുകയായിരുന്നു. ഈ നടപടിയോട് സമീകരിക്കാനാണ് സവാദിയെയും തഴഞ്ഞതെന്നാണ് വിശദീകരിക്കപ്പെടുന്നത്.
കോൺഗ്രസിലെ ഒരു മുൻനിര ലിംഗായത്ത് നേതാവ് ഇക്കാര്യത്തിൽ കടുത്ത നിരാശ വെളിപ്പെടുത്തുന്നുണ്ട്. സവാദിയെയും ഗൗഡയെയും തമ്മിൽ താരതമ്യപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറയുന്നു. ‘സവാദി എത്രയോ വലിയൊരു നേതാവാണ്. അദ്ദേഹത്തിൻ്റെ ഉപജാതിയായ ഗനിഗ വിഭാഗത്തിൻ്റെ വോട്ടുകളെല്ലാം ഏകോപിപ്പിച്ച്, 30-35 സീറ്റുകളിൽ കോൺഗ്രസിന് ജയം നേടാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ ഫലം തന്നെ മാറ്റി മറിച്ച നീക്കമായിരുന്നു അത്. ഗൗഡ മത്സരിച്ച സീറ്റിൽ ജയിച്ചിട്ടുണ്ട്. ഹസ്സൻ ജില്ലയിൽ വേറെ സീറ്റൊന്നും കോൺഗ്രസിന് കിട്ടിയിട്ടുമില്ല. ഇത് രണ്ടും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാനാകും? ഗൗഡയെയും സവാദിയെയും ഒരേ തട്ടിൽ തൂക്കാൻ കഴിയില്ല. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടുകൊണ്ട് സവാദിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമായിരുന്നു.’ അദ്ദേഹം പറയുന്നു.
മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ സവാദി പരസ്യമായി നിരാശ അറിയിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിൻ്റെ അണികൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ 14ലും ലിംഗായത്ത് വോട്ടുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിനൊപ്പം നിലനിർത്താൻ സവാദിക്ക് കഴിഞ്ഞേനെയെന്നാണ് അണികളുടെ വാദം.
ലിംഗായത്ത് വിഭാഗക്കാരുടെയും ബിജെപിയിൽ നിന്നും കൂറുമാറിയെത്തിയവരുടെയും വിശ്വാസം പിടിച്ചുപറ്റാനുള്ള കോൺഗ്രസിൻ്റെ ശ്രമത്തിന് ഈ നീക്കം വലിയ തിരിച്ചടിയായേക്കും. ജഗദീഷ് ഷെട്ടാറും വിഷയത്തിൽ ആശ്ചര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ തനിക്കും സവാദിയ്ക്കും ക്യാബിനറ്റ് പദവി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കർണാടക നിയമസഭാ കൗൺസിലിലേക്ക് ഷെട്ടാറിനെ ജൂണിൽ നാമനിർദ്ദേശം ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. നിയമസഭാ കൗൺസിലിൽ ഭൂരിപക്ഷം നേടാൻ ഭരണകക്ഷിയായ കോൺഗ്രസിനു കഴിഞ്ഞാൽ, ഷെട്ടാർ ചെയർമാനായേക്കും.
എന്നാൽ, കോൺഗ്രസ് സവാദിയെ എങ്ങനെ സമാശ്വസിപ്പിക്കുമെന്നും ക്യാബിനറ്റിൽ നിന്നും തഴഞ്ഞതിനെ എങ്ങനെ ന്യായീകരിക്കുമെന്നുമാണ് നിരീക്ഷകർ കാത്തിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതൃസ്ഥാനങ്ങളിലൊന്നിൽ സവാദിയെ പ്രതീക്ഷിക്കാമെന്നും, മുംബൈ-കർണാടക മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിയോഗിക്കപ്പെട്ടേക്കാമെന്നും പാർട്ടി പ്രവർത്തകരിൽ ചിലർ കരുതുന്നു.