ലളിതാ ഭായ് എന്ന യുവതിയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ജില്ലയിലെ പോലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ താന്‍ ജീവനോടെയുണ്ടെന്ന് മൊഴി നല്‍കി. ലളിതാ ഭായിയെ കൊലപ്പെടുത്തി എന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് ലളിതാ ഭായ് തന്റെ ഗ്രാമത്തിലേക്ക് തിരികെയെത്തിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.
ലളിതയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇവരുടെ രൂപസാദൃശ്യമുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. മൃതദേഹത്തിന്റെ കൈയ്യിലെ ടാറ്റുവും കാലിലെ കറുത്ത ചരടും കണ്ട ലളിതയുടെ പിതാവ് രമേഷ് നാനുറാം ബഞ്ചത ഇത് ലളിതയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവര്‍ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു.
advertisement
ലളിതയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലുപേരെ അറസ്റ്റും ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത ഇമ്രാന്‍, ഷാരൂഖ്, സോനു, ഇജാസ് എന്നിവര്‍ ഇപ്പോള്‍ കൊലപാതക കേസിൽ ജയിലില്‍ കഴിയുകയാണ്.
ഒന്നരവര്‍ഷത്തിന് ശേഷം വീട്ടിലെത്തിയ ലളിതയെ കണ്ട് കുടുംബാംഗങ്ങള്‍ അദ്ഭുതപ്പെട്ടു. ഉടന്‍ തന്നെ പിതാവ് ലളിതയുമായി പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ പറഞ്ഞു. തന്നെ ഷാരൂഖ് എന്നൊരാള്‍ ഭാന്‍പുരയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും അവിടെ നിന്ന് 5 ലക്ഷം രൂപയ്ക്ക് തന്നെ മറ്റൊരാള്‍ക്ക് വിറ്റുവെന്നും ലളിത പോലീസിനോട് പറഞ്ഞു. ഇയാള്‍ ലളിതയെ രാജസ്ഥാനിലെ കോട്ടയിലേക്കാണ് കൊണ്ടുപോയത്. ഇവിടെയാണ് കഴിഞ്ഞ 18 മാസം താന്‍ കഴിഞ്ഞതെന്ന് ലളിത പോലീസിനോട് പറഞ്ഞു. ഒടുവില്‍ രക്ഷപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ നാട്ടിലെത്തുകയായിരുന്നുവെന്നും ലളിത പറഞ്ഞു.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ലളിത പോലീസിന് മുന്നില്‍ ഹാജരാക്കി. ലളിതയ്ക്ക് രണ്ട് മക്കളാണുള്ളത്. അമ്മയെ വീണ്ടും തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇവരിപ്പോള്‍.
ലളിത പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് തരുണ ഭരദ്വാജ് അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. തിരിച്ചെത്തിയത് ലളിത തന്നെയാണെന്ന് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു.