പരിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതി പ്രകാരം ഒരു മാസത്തില്‍ താഴെ ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഇപ്പോള്‍ പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. നേരത്തെയിത് 5,000 രൂപയായിരുന്നു. ഒരു മാസത്തിലധികം തടവില്‍ കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ തുക 10,000 രൂപയില്‍ നിന്നും 20,000 രൂപയായാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഗുണഭോക്താവ് മരിച്ചുപോയിട്ടുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിക്ക് പെന്‍ഷന്റെ 50 ശതമാനം അനുവദിക്കാനും പദ്ധതിയില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.
1975 ജൂണ്‍ 25-നും 1977 മാര്‍ച്ച് 31-നും ഇടയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. ആ കാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടിയവരെ ബഹുമാനിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
advertisement
പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ മരിച്ചുപോയവരുടെ ജീവിച്ചിരിക്കുന്ന പങ്കാളികള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് പുതുതായി അപേക്ഷ നല്‍കണം. ഗുണഭോക്താവ് 2018 ജനുവരി 2-ന് മുമ്പ് മരിച്ചതാണെങ്കില്‍ പങ്കാളിക്ക് ഇപ്പോഴും സത്യവാങ്മൂലം ഉപയോഗിച്ച് അപേക്ഷിക്കാം. അത്തരം അപേക്ഷകള്‍ക്കായി ഔദ്യോഗിക പ്രഖ്യാപനം വരുന്ന തീയതി മുതല്‍ 90 ദിവസത്തെ സമയം നല്‍കും.
അറസ്റ്റ് സമയത്ത് കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം എന്ന മുന്‍കാല പ്രായപരിധി ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അര്‍ഹരായ ഗുണഭോക്താക്കളുടെ പേരും വിലാസവും അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കുകയും പെന്‍ഷന്‍ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
മഹാരാഷ്ട്രയില്‍ അടിയന്തരാവസ്ഥക്കാലത്തെ 3,782 അംഗീകൃത തടവുകാരുണ്ട്. 2025 ഏപ്രില്‍ മുതല്‍ 2026 ജനുവരി വരെയുള്ള കാലയളവിലേക്ക് അവരുടെ പെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി ആകെ 55 കോടി രൂപ സർക്കാർ അംഗീകരിച്ചിരുന്നു.
2018 ജനുവരിയില്‍ അന്നത്തെ ഫഡ്‌നാവിസ് സര്‍ക്കാരാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ 2020-ല്‍ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ പദ്ധതി റദ്ദാക്കി. ഫഡ്‌നാവിസ് വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.