എന്നാല്‍ കോടതി മുറി പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഒട്ടും ഔചിത്യമല്ലാത്ത രീതിയില്‍ ഓണ്‍ലൈനില്‍ സാന്നിധ്യം അറിയിച്ചാലോ... ഇത്തരം ദൃശ്യങ്ങള്‍ പലപ്പോഴും മാന്യമായ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പുകള്‍ക്കും കാരണമായി.
ഗുജറാത്ത് ഹൈക്കോടതിയുടെ വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ക്കിടെ ഒരാള്‍ ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജൂണ്‍ 20-ന് ജസ്റ്റിസ് നിര്‍സാര്‍ എസ് ദേശായിയുടെ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്.
advertisement
വൈറല്‍ വീഡിയോയിലെ വ്യക്തി സമദ് ബാറ്ററി എന്ന പേരില്‍ വെര്‍ച്വല്‍ കോടതി വിചാരണയ്ക്കിടെ ലോഗിന്‍ ചെയ്യുന്നു. ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് അയാള്‍ ഈ സെഷന്‍ അറ്റന്‍ഡ് ചെയ്തത്. എന്നാല്‍ വാദം ആരംഭിച്ചതോടെ ഫോണ്‍ കുറച്ചു ദൂരേക്ക് മാറ്റിപിടിച്ച് താന്‍ ടോയ്‌ലറ്റില്‍ ഇരിക്കുകയാണെന്ന് ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. ടോയ്‌ലറ്റില്‍ നിന്ന് പുറത്തേക്കിറങ്ങും മുമ്പ് അയാള്‍ ശരീരം തുടച്ചുവൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കുറച്ചുനേരം ഇദ്ദേഹത്തെ വീഡിയോയില്‍ കാണുന്നില്ല. കുറച്ചുകഴിഞ്ഞ് അടുത്ത മുറിയില്‍ നിന്ന് വീണ്ടും ഇയാള്‍ വീഡിയോയില്‍ വരുന്നു.
ഒരു എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യകൊണ്ടുള്ള ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് ഇദ്ദേഹം വെര്‍ച്വല്‍ വിചാരണയ്ക്ക് ഹാജരായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ക്രിമിനല്‍ കേസിലെ പരാതിക്കാരനും ഇയാളായിരുന്നു. ഇരുകക്ഷികളും തര്‍ക്കം പരിഹരിച്ചതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ പിന്നീട് റദ്ദാക്കി.
വെര്‍ച്വല്‍ കോടതി വിചാരണയ്ക്കിടെ അനുചിതമായ പെരുമാറ്റം സംഭവിക്കുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനിടെ സിഗരറ്റ് വലിക്കുന്നതായി കണ്ടെത്തിയ ഒരാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി 50,000 രൂപ പിഴ ചുമത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വെര്‍ച്വല്‍ കോടതിയില്‍ ഹാജരാകുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായ മര്യാദകളും വേണമെന്ന ആവശ്യം ഉയരാനും കാരണമായി.
