ഗ്രാമസഭയിലേക്ക് മത്സരിക്കാൻ സാധിക്കുന്ന കുറഞ്ഞ പ്രായമായ 21 വയസിൽ തന്നെ ഗ്രാമപ്രധാൻ ആയി തെരഞ്ഞെടുക്കപ്പെടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരുഷി. ഗ്രാമത്തിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള ലക്‌നൗവിലെ സിറ്റി ലോ കൊളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ് ഇവർ.
മികച്ച പൊതുസേവനങ്ങളിലൂടെയും ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെയും ഗ്രാമത്തെ ഒരു സ്മാർട്ട് വില്ലേജ് ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇപ്പോഴത് തന്റെ കടമയാണെന്നും വിജയത്തിന് ശേഷം ആരുഷി പറഞ്ഞു.
advertisement
'എന്റെ മുത്തശ്ശി വിദ്യാവതി സിംഗ് 2000ത്തിൽ ഇതേ സ്ഥാനത്ത് വിജയം നേടിയിരുന്നു. അതിന് മുമ്പ് മുത്തശ്ശനും ഗ്രാമപ്രധാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1500 പേർ മാത്രമുള്ള ചെറിയ ഗ്രാമമാണിത്. ഇവിടെ എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നു. എന്റെ കുടുംബ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്' - ആരുഷി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ധൈര്യം തന്ന കുടുബാംഗങ്ങൾക്കും ആരുഷി നന്ദി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളും ചേർന്നതാണ് ആരുഷിയുടെ സ്വപ്നവും ജീവിതവും. നിയമമാണ് പഠിക്കുന്നത്. ഇത് ജുഡീഷ്യറിയുടെ ഭാഗമാകാൻ സഹായിക്കും. നിയമ പഠനത്തിന് ശേഷം സിവിൽ സർവ്വീസ് നേടുകയെന്നാണ് ലക്ഷ്യം. ഇതിലൂടെ നിയമ നിർവ്വഹണത്തിന്റെ ഭാഗവുമാകാം. ഇപ്പോഴിതാ ജനപ്രതിനിധിയും ആയിക്കഴിഞ്ഞു.
ബത്തേരിയിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടം; മരണം മൂന്നായി
അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള വികസന പ്രവർത്തനങ്ങൾ ഗ്രാമത്തിൽ നടപ്പാക്കാനാണ് ആരുഷി ഉദ്ദേശിക്കുന്നത്. പാർപ്പിടം, വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, ആരോഗ്യം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും ഗ്രാമീണരുടെ സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ആരുഷി വ്യക്തമാക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന എല്ലാ ക്ഷേമവികസന പ്രവർത്തനങ്ങളും തന്റെ ഗ്രാമത്തിലെ എല്ലാവരിലും എത്തിക്കാൻ പ്രയത്നിക്കും എന്നും ആരുഷി പറഞ്ഞു.
ഏപ്രിൽ 19ന് നടന്ന തെരഞ്ഞെടുപ്പിന് വേണ്ടി മാർച്ച് രണ്ടിനാണ് ആരുഷി ലക്‌നൗവിലെ കോളേജിൽ നിന്നും ഗോണ്ട ജില്ലയിലുള്ള തന്റെ ഗ്രാമത്തിൽ എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകൾ തോറും കയറി ഇറങ്ങിയായിരുന്നു കാമ്പയിൻ. തെരഞ്ഞെടുപ്പിനിടെ കോവിഡ് ജാഗ്രത ഒട്ടും കൈവിടരുതെന്ന് പ്രചാരണത്തിൽ ഉടനീളം ഉറപ്പാക്കിയിരുന്നതായും ആരുഷി വിശദീകരിച്ചു. അതേസമയം, വോട്ടെണ്ണൽ ദിവസം ആരുഷിയുടെ ഗ്രാമം ഉൾപ്പെടുന്ന ജില്ലയിൽ വ്യാപകമായി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടു എന്നാണ് മാധ്യമ റിപ്പോർട്ട്.
ആരുഷിയുടെ പിതാവ് ദർമേന്ദ്ര സിംഗ് ലക്‌നൗ പോലീസ് കമ്മീഷണർ ഓഫീസലെ സ്റ്റെനോഗ്രാഫറാണ്. അമ്മ ഗരിമ സിംഗ് സിവിൽ കോടതിയിലെ ജില്ലാ ജഡ്ജായും പ്രവർത്തിക്കുന്നു.