ടിവി റേറ്റിംഗ് മാർഗ്ഗനിർദ്ദേശങ്ങളിൽ പുതിയ കരട് ഭേദഗതികളമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. റേറ്റിംഗ് ഏജൻസികൾ വ്യൂവർഷിപ്പ് അളക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളും പരിഗണിക്കണമെന്നും ലാൻഡിംഗ് പേജുകളെ വിലയിരുത്തലിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം. ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വൻ തുക നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് ഉണ്ട്.
advertisement
നിർദേശം നടപ്പിലാക്കിയാൽ ഇന്ത്യയിലെ ഏക രജിസ്റ്റർ ചെയ്ത പ്രേക്ഷക റേറ്റിംഗ് സ്ഥാപനമായ ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനും (BARC) ഭാവിയിൽ വരുന്ന ഏതൊരു ഏജൻസികൾക്കും ഭേദഗതി ചെയ്ത മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും. കേബിൾ അല്ലെങ്കിൽ DTH വഴിയുള്ള ലീനിയർ ടെലിവിഷൻ കാഴ്ച മാത്രമേ BARC നിലവിൽ അളക്കുന്നുള്ളൂ. അതിനാൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രക്ഷേപണ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ക്രോസ്-മീഡിയ റേറ്റിംഗിനായി പരസ്യദാതാക്കൾ വളരെക്കാലമായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ യൂട്യൂബ്, നെറ്റ് ഫ്ലിക്സ്, പ്രൈം വീഡിയോ,പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകൾ ഒരു ഏകീകൃത അളവെടുപ്പ് പാനലിൽ ചേരുന്നതിൽ താൽപ്പര്യം കാണിച്ചിട്ടില്ല.
അതേമയം ലാൻഡിംഗ് പേജ് വ്യൂവർഷിപ്പ് നീക്കം ചെയ്യുന്നത് ഒരു നല്ല നീക്കമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. നിലവിൽ, ചില കേബിൾ ഓപ്പറേറ്റർമാർ മൂന്ന് ലാൻഡിംഗ് പേജുകൾ വരെ ഉപയോഗിക്കുന്നു. കൂടാതെ ടിവി ചാനലുകൾ അവരുടെ റേറ്റിംഗുകൾ വർദ്ധിപ്പിക്കുന്നതിന് ഈ സ്ലോട്ടുകൾ വാങ്ങാൻ മത്സരിക്കുന്നു.
ലാൻഡിംഗ് പേജ് വ്യൂവർഷിപ്പ് റേറ്റിംഗിൽ നിന്ന് ഒഴിവാക്കിയാൽ കേബിൾ ഓപ്പറേറ്റർമാർക്ക് വരുമാനം നഷ്ടപ്പെടുമെന്ന് ഒരു മുതിർന്ന മീഡിയ എക്സിക്യൂട്ടീവ് പറഞ്ഞു. മാർക്കറ്റ് കണക്കുകൾ പ്രകാരം, ലാൻഡിംഗ് പേജുകളിലൂടെ മികച്ച ദൃശ്യപരത ഉറപ്പാക്കാൻ ടിവി ചാനലുകൾ, പ്രത്യേകിച്ച് വാർത്താ ചാനലുകൾ, എല്ലാ വർഷവും 100 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.
ചില സെറ്റ് ടോപ്പ് ബോക്സുകൾ ചാനലുകൾ മാറുന്നതിനിടയിലെ സമയം വൈകിപ്പിക്കുന്നത് പ്രോഗ്രാം ചെയ്തിരിക്കുന്നതിനാൽ ലാൻഡിംഗ് പേജുകളുടെ വ്യൂവർഷിപ്പ് വർദ്ധിക്കുന്നു. ഒരു മിനിറ്റിനുള്ളിൽ ഒരു കാഴ്ചക്കാരൻ കുറഞ്ഞത് 30 സെക്കൻഡ് ഒരു ചാനലിൽ തുടരുകയാണെങ്കിൽ, ആ മുഴുവൻ മിനിറ്റും ആ ചാനലിന്റെ വ്യൂവർഷിപ്പായി കണക്കാക്കും.
പ്രതിവർഷം 30,000 കോടി രൂപയിൽ കൂടുതലുള്ള ടിവി പരസ്യ ചെലവുകൾ നിർണ്ണയിക്കുന്നതിൽ പ്രേക്ഷക റേറ്റിംഗ് ഡാറ്റ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.റേറ്റിംഗ് ഏജൻസികൾക്കും പ്രക്ഷേപകർക്കും ഇടയിലുള്ള കർശനമായ ക്രോസ് ഓണർഷിപ്പ് നിയമങ്ങളും കരട് നിർദ്ദേശത്തിലുണ്ട്.
