പിന്നെ എന്താണ് ഇത്തരമൊരു വിചിത്രമായ ആവശ്യത്തിന് പിന്നിലെന്ന് ചിന്തിക്കുകയാണോ? ശിശു രഹിത ലോകത്തിനായി വാദിക്കുന്നവരിലൊരാളാണ് റാഫേൽ സാമുവൽ. ഈ ലോകത്തിലേക്ക് പുതിയതായി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ആന്റി നാറ്റലിസത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് രംഗത്ത് വന്നത്. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന വിശ്വാസക്കാരാണ് ഇവർ. അതുകൊണ്ടുതന്നെ കൂടുതല്‍ മനുഷ്യക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെ ഇവര്‍ അംഗീകരിക്കുന്നില്ല. കുട്ടികളില്ലാത്ത ലോകത്തെ കുറിച്ചാണ് റാഫേല്‍ ഉള്‍പ്പെടെ ഉള്ള ഇവർ സ്വപ്നം കാണുന്നത്.
advertisement
നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജിൽ റാഫേൽ ഇതിനെ കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. ഏറ്റവും പുതുതായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാതാപിതാക്കളെ കോടതി കയറ്റാൻ ഒരുങ്ങുന്നതായി റാഫേൽ വ്യക്തമാക്കിയത്. 'ഈ ലോകത്തുള്ളവരാരും അവരവരുടെ സമ്മതപ്രകാരം ജനിച്ചവരല്ല. അതുകൊണ്ടുതന്നെ അവരാർക്കും മാതാപിതാക്കളോട് കടപ്പാട് വേണ്ട എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. രക്ഷിതാക്കളുടെ ആഗ്രഹപ്രകാരമാണ് നമ്മളെല്ലാവരും വന്നത്. പക്ഷേ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് നമ്മൾ ഉണ്ടാക്കപ്പെട്ടത്' റാഫേൽ പറയുന്നു. അവർ ആഗ്രഹിക്കാത്ത പക്ഷം മാതാപിതാക്കൾക്കായി ഒന്നും ചെയ്യരുതെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്.
