'കര്‍ണാടകയില്‍ വെച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന വഖഫ് ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രണ്ട് ദിവസത്തെ യോഗത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയുമാണ് ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. വഖഫ് (ഭേദഗതി) ബില്ലില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മുസ്ലീം സമുദായത്തെ പിന്തുണയ്ക്കുന്നതിന് പകരം കേന്ദ്രത്തിന്റെ അതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സംയുക്ത പാര്‍ലമെന്ററി സമിതിയും,' അദ്ദേഹം പറഞ്ഞു.
advertisement
കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരുവിഭാഗത്തെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചിരിക്കുന്നതെന്നും നസീര്‍ അഹമ്മദ് ആരോപിച്ചു. രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരാണ് സമിതിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വഖഫ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നേ മതിയാകു എന്ന വാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. മുസ്ലീങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഗണിക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന് കീഴില്‍ നടത്തുന്ന യോഗങ്ങളില്‍ നിരവധി പേര്‍ പങ്കെടുക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പള്ളികളുമായി ബന്ധപ്പെട്ട സര്‍വേ, ആള്‍ക്കൂട്ട കൊലപാതകം, മതസ്വാതന്ത്ര്യം, ഏകീകൃത സിവില്‍കോഡ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.