ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് നരേന്ദ്ര മോദി (Narendra Modi) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യുഎസുമായുള്ള ചര്‍ച്ചകള്‍ എത്രയും വേഗത്തില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും മോദി എക്‌സില്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും ഭാവി കൂടുതല്‍ ശോഭനവും സമൃദ്ധവുമാക്കാന്‍ ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി അറിയിച്ചു.
advertisement
ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ചകളിലാണെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് മോദിയും ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. തന്റെ വളരെ നല്ല സുഹൃത്തായ മോദിയുമായി വരും ആഴ്ചകളില്‍ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും വിജയകരമായ ഒരു നിഗമനത്തിലേക്ക് എത്താന്‍ ഇരു രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു.
റഷ്യയുമായി അടുത്ത സൗഹൃദവും വ്യാപാര ബന്ധവും പുലര്‍ത്തുന്ന ഇന്ത്യയോട് പ്രതികാരം ചെയ്യാന്‍ യുഎസ് തീരുവ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഈ സ്വരംമാറ്റം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ കഴിഞ്ഞയാഴ്ച മുതല്‍ ഇന്ത്യയോടുള്ള ട്രംപിന്റെ നിലപാട് മയപ്പെട്ടുതുടങ്ങി. 'മഹാനായ പ്രധാനമന്ത്രി'യെന്ന് നരേന്ദ്ര മോദിയെ ട്രംപ് വിശേഷിപ്പിക്കുക പോലും ചെയ്തു. മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു. അതേസമയം, റഷ്യയില്‍ നിന്നും ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നതിലുള്ള നിരാശയും ട്രംപ് അറിയിച്ചിരുന്നു. ഇന്ത്യ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഉയര്‍ന്ന തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം വന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിന്റെ സൂചനയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള ട്രംപിന്റെയും മോദിയുടെയും ആശയവിനിമയം. ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവയുടെ കാര്യത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഒരു സമവായത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തുകയും സ്വകാര്യ ചർച്ചകൾ നടത്തുകയും ചെയ്തതായി ആഗോള മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനു പിന്നാലെയായിരുന്നു ട്രംപ് ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് മോദിയുമായി അടുത്ത സൗഹൃദത്തിലാണെന്നും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും ട്രംപ് പറഞ്ഞത്. ട്രംപിന്റെ പോസിറ്റീവ് പരാമർശങ്ങളെ അഭിനന്ദിച്ച് മോദിയും രംഗത്തെത്തിയിരുന്നു.