ഇന്ത്യയിലെ പ്രധാനപ്പെട്ട 21 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഫെബ്രുവരി 12 മുതൽ മാർച്ച് 1 വരെ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലമാണ് രണ്ടുദിവസമായി Network 18 പുറത്തുവിടുന്നത്.
2019ൽ തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസ് നേടിയിരുന്നു. നിലവിലെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉൾപ്പെടെ മൂന്ന് എംപിമാരും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് 2019ൽ ഒമ്പത് സീറ്റുകൾ നേടിയപ്പോൾ ബിജെപി നാല് സീറ്റുകൾ നേടി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒരു സീറ്റ് നിലനിർത്തി.
advertisement
തെലങ്കാനയിൽ അധികാരം പിടിച്ചെടുത്ത് മാസങ്ങൾ പിന്നിടുമ്പോൾ, സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിൽ 12 എണ്ണമെങ്കിലും നേടുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാനായെങ്കിലും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിലെ മൊത്തം 24 നിയമസഭാ മണ്ഡലങ്ങളിൽ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. തെലങ്കാനയിലെ ആകെയുള്ള 17 ലോക്‌സഭാ സീറ്റുകളിൽ നാല് മണ്ഡലങ്ങൾ (മൽകജ്ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല )GHMC പരിധിയിലാണ്.
അതേസമയം 10 സീറ്റുകളെങ്കിലും ബിജെപി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 28 ന് സംസ്ഥാനം സന്ദർശിച്ച പാർട്ടിയുടെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, തെലങ്കാനയിൽ കുറഞ്ഞത് 10 സീറ്റുകളെങ്കിലും നേടാനും 35 ശതമാനം വോട്ട് വിഹിതം നേടാനും പാർട്ടിക്ക് കഴിയണമെന്ന ലക്ഷ്യം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 119 സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപി നേടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രണ്ട് എംപിമാരും ബിആർഎസിലെ നിരവധി നേതാക്കളും തങ്ങളുടെ പാളയത്തിൽ ചേർന്നതിനാൽ ബിജെപി ആവേശത്തിലാണ്.
സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിൽ 9 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയും ബിജെപി ജനറൽ സെക്രട്ടറി ബന്ദി സഞ്ജയ് കുമാറും ഉൾപ്പെടെ നാലിൽ മൂന്ന് എംപിമാരാണ് പട്ടികയിലുള്ളത്. ബിബി പാട്ടീലിനെ സാഹിറാബാദിൽ നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
നാഗർകുർണൂലിൽ ബിജെപി സ്ഥാനാർത്ഥിയായി പൊതുഗൻഡി ഭാരതിനെ പ്രഖ്യാപിച്ചു. പിതാവും എംപിയുമായ പൊതുഗൻഡി രാമുലുവിനൊപ്പം ഫെബ്രുവരി 29 നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.