സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്താന്‍ അറിയിച്ചതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്.
പാകിസ്താനിലെ കര്‍താര്‍പൂരിലുള്ള ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേയ്ക്ക് ഇന്ത്യയില്‍ നിന്നെത്തുന്ന സിഖ് തീര്‍ത്ഥാടകര്‍ക്കുള്ള കര്‍താര്‍പൂര്‍ കോറിഡോര്‍ തുറക്കുന്നതിനെ പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടുമായി കൂട്ടിക്കെട്ടേണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
തീവ്രവാദം അവസാനിപ്പിക്കാത്ത നിലപാട് തുടരുന്ന സാഹചര്യത്തില്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
സുഷമാ സ്വരാജിന്റെ പ്രസ്താവന പുറത്തുവരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് കര്‍താര്‍പൂര്‍ കോറിഡോര്‍ നിമ്മാണത്തിന്റെ ശിലാസ്ഥാപനം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍വഹിച്ചു.
advertisement
കര്‍താര്‍പുര്‍ കോറിഡോറെന്ന ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.
അതേസമയം ഇതിന്റെ പേരില്‍ ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കാനാകില്ല. തീവ്രവാദവും സമാധാന ചര്‍ച്ചയും ഒത്തൊരുമിച്ച് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.
സാര്‍ക്ക് ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്ന് പാകിസാതാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസലാണ് ചൊവ്വാഴ്ച അറിയിച്ചത്.
ജമ്മുവിലെ ഉറി സൈനിക ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് 2016-ല്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയും ഇന്ത്യ ബഹിഷ്‌ക്കരിച്ചിരുന്നു.
അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കിലെ മറ്റ് അംഗങ്ങള്‍. 2014-ല്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.
