Odisha Train Accident Live: ഭുവനേശ്വർ: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തിലെ മരണസംഖ്യ 275 ആണെന്ന് വ്യക്തമാക്കി ഒഡീഷ സർക്കാർ. കണക്കെടുത്തപ്പോൾ ചില മൃതദേഹങ്ങൾ രണ്ടുതവണ എണ്ണിയതാണ് മരണസംഖ്യ നേരത്തെ കൂടുതലാകാൻ കാരണമായതെന്നാണ് വിശദീകരണം. 275 ൽ 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു,” ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ പറഞ്ഞു. “ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും,” അദ്ദേഹം കൂട്ടിച്ചേർത്തു. ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമാൻഡൽ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.