ഇന്ത്യയുടെ എല്ലാ സൈനിക താവളങ്ങളും സംവിധാനങ്ങളും പൂർണമായി പ്രവര്‍ത്തന ക്ഷമമാണെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീവ്രവാദ പ്രവർത്തനങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ടെന്ന് ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സംയോജിത വ്യോമ കമാൻഡും നിയന്ത്രണ സംവിധാനവും പാക് സൈനിക ആക്രമണങ്ങളെ പരാജയപ്പെടുത്തിയെന്ന് എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.
"ഞങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നു, പാകിസ്ഥാൻ സൈന്യത്തിനെതിരെയായിരുന്നില്ല. അതുകൊണ്ടാണ് മെയ് 7 ന് ഞങ്ങൾ ഭീകര ക്യാമ്പുകൾ മാത്രം ആക്രമിച്ചത്. പാകിസ്ഥാൻ സൈന്യം തീവ്രവാദികളോടൊപ്പം നിൽക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്തത് വളരെ ദുഃഖകരമാണ്. അതുകൊണ്ടാണ് ഞങ്ങളുടെ തിരിച്ചടി ആവശ്യമായി വന്നത്. അവരുടെ നഷ്ടങ്ങൾക്ക് അവർ തന്നെയാണ് ഉത്തരവാദികൾ," എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു.
advertisement
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം രാജ്യത്തെ സംരക്ഷിക്കുന്ന ഒരു മതിൽ പോലെ നിലകൊള്ളുന്നുവെന്ന് വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "ശത്രുവിന് അത് അഭേദ്യമായിരുന്നു," രാജ്യത്തിന്റെ ബഹുതല വ്യോമ പ്രതിരോധ ശേഷികളുടെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിഞ്ഞുവെന്ന് എയർ മാർഷൽ ഭാരതി പറഞ്ഞു.
ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരും ബ്രീഫിംഗിൽ പങ്കെടുത്തു.