25 പ്രതിപക്ഷ പാർട്ടികളിൽനിന്നായി 300 എംപിമാരാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ സ്പെഷൽ ഇൻറ്റെൻസീവ് റിവിഷനും (എസ്ഐആർ) മുൻനിർത്തിയാണ് പ്രതിഷേധം. പാർലമെന്റിന്റെ മകർദ്വാറിൽനിന്ന് രാവിലെ 11.30നാണ് റാലി ആരംഭിച്ചത്.
advertisement
കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി(എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷണൽ കോൺഫറസ് തുടങ്ങിയ പാർട്ടികൾ മാർച്ചിൽ പങ്കെടുത്തു. 12 എംപിമാരുള്ള ആം ആദ്മി പാർട്ടിയെ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ബാനർ ഇല്ലാതെയാണ് മാർച്ച് നടത്തുന്നത്. കഴിഞ്ഞ മാസം ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യത്തിൽ നിന്നു പുറത്തുപോയിരുന്നു.
മാർച്ചിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആവശ്യം അംഗീകരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് കമ്മീഷൻ അനുമതി നൽകിയത്. 30 പേരാണ് ചർച്ചയിൽ പങ്കെടുക്കുക. അതേസമയം, ചർച്ചയുടെ അജണ്ട കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.