ഓപ്പറേഷൻ സിന്ദൂറിൽ നിന്ന് പാകിസ്ഥാനും കോൺഗ്രസും ഇതുവരെ കരകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ അറായിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തെ കോൺഗ്രസിന്റെ "രാജകുടുംബം" എന്ന് വിശേഷിപ്പിച്ച മോദി, പാകിസ്ഥാനിൽ സ്ഫോടനങ്ങൾ നടന്നപ്പോൾ കോൺഗ്രസ് രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.
advertisement
ബീഹാറിൽ ആർജെഡിയുമായുള്ള സഖ്യത്തെച്ചൊല്ലി കോൺഗ്രസിനെ വിമർശിച്ച മോദി, തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചില്ലെന്നും എന്നാൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാൻ നിർബന്ധിച്ചുവെന്നും ആരോപിച്ചു. രണ്ട് സഖ്യകക്ഷികളും തമ്മിൽ വലിയ സംഘർഷം ഉണ്ടെന്നും തിരഞ്ഞെടുപ്പിന് ശേഷം അവർ സർക്കാർ രൂപീകരിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാറും എൻഡിഎ സർക്കാരുമാണ് ബിഹാറിനെ ദുഷ്‌കരമായ കാലഘട്ടത്തിൽ നിന്നു കരകയറ്റിയതെന്നും നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ 'വോട്ടർ അധികാർ യാത്ര'യെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
മഹാസഖ്യം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയെയും മോദി രൂക്ഷമായി വിമർശിച്ചു."വഞ്ചനയുടെയും നുണകളുടെയും രേഖ" എന്നാണ് മഹാസഖ്യത്തിന്റെ പ്രകടന പത്രികയെ അദ്ദേഹം വിശേഷിപ്പിച്ചത്. അതേസമയം എൻഡിഎ പ്രകടന പത്രികയെ "സത്യസന്ധവും ദീർഘവീക്ഷണമുള്ളതും" എന്ന് പ്രശംസിക്കുകയും ചെയ്തു. ഒരു വികസിത ബിഹാറിനായി, എൻഡിഎ സത്യസന്ധവും ദീർഘവീക്ഷണമുള്ളതുമായ ഒരു പ്രകടന പത്രിക അവതരിപ്പിച്ചുവെന്നും ഭരണകക്ഷിയായ എൻഡിഎയ്ക്ക് റെക്കോർഡ് വിജയം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
