ജയിലിലായ മന്ത്രിമാരെ പുറത്താക്കാനുള്ള 130-ാമത് ഭരണഘടനാ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രിയേയും ഉൾപ്പെടുത്തിണമെന്ന് നിർബന്ധിച്ചത് പ്രധാമന്ത്രി നരേന്ദ്ര മോദി തന്നെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് 30 ദിവസത്തിൽ കൂടുതൽ തടവ് ശിക്ഷിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ബിൽ അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഷാ അവതരിപ്പിച്ചിരുന്നു.
advertisement
പ്രധാനമന്ത്രി മോദി തന്നെ ബില്ലിൽ പ്രധാനമന്ത്രി സ്ഥാനം ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരെ ഇന്ത്യൻ കോടതികളുടെ ജുഡീഷ്യൽ അവലോകനത്തിൽ നിന്ന് സംരക്ഷിച്ചുകൊണ്ടുള്ള 39-ാം ഭേദഗതി ഇന്ദിരാഗാന്ധി കൊണ്ടുവന്നിരുന്നു. എന്നാലിവിടെ പ്രധാനമന്ത്രി ജയിലിലായാൽ രാജിവയ്ക്കേണ്ടിവരുമെന്ന ഭരണഘടനാ ഭേദഗതി നരേന്ദ്ര മോദി അദ്ദേഹത്തിനെതിരെ കൊണ്ടുവരികയാണ്. അമിത് ഷാ പറഞ്ഞു.
"ഇന്ന് രാജ്യത്ത് എൻഡിഎ മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുതലാണ്. പ്രധാനമന്ത്രിയും എൻഡിഎയിൽ നിന്നുള്ളയാളാണ്. അതിനാൽ ഈ ബിൽ പ്രതിപക്ഷത്തിന് മാത്രമല്ല ചോദ്യങ്ങൾ ഉയർത്തുന്നത്. ഇത് ഭരണപക്ഷത്തിലെ മുഖ്യമന്ത്രിമാർക്കും ചോദ്യങ്ങൾ ഉയർത്തുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ അവതരിപ്പിക്കുന്നതിനിടെ, ലോക്‌സഭയിൽ പ്രതിഷേധം ഉയർന്നിരുന്നു. ജയിലിലായ മന്ത്രിമാരെ പുറത്താക്കാനുള്ള നിയമനിർമ്മാണത്തെ ഭരണഘടനാ വിരുദ്ധം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യാനും, ബിജെപി ഇതര മുഖ്യമന്ത്രിമാരെ കള്ളക്കേസിൽ കുടുക്കാനും, അവരെ ജയിലിലടയ്ക്കാനും, സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള ഒരു മാർഗമാണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ഇത്തരം ഭരണഘടനാ സ്ഥാനങ്ങളിലുള്ള വ്യക്തികൾ ജയിലിൽ നിന്ന് ഭരിക്കുന്നത് ന്യായമാണോ എന്നാണ് ബില്ലിനെ പിന്തുണച്ചുകൊണ്ട് അമിത് ഷാ ചോദിച്ചത്.