റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. ഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50ശതമാനം തീരുവ ചുമത്തിയതിന് ദിസങ്ങൾക്ക് ശേഷമാണ് മോദി പുടിനുമായി സംസാരിച്ചത്.
advertisement
യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. പുടിനുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ വ്യാഴാഴ്ച പുടിനെ കണ്ടിരുന്നു. നാല് വർഷത്തിന് ശേഷം പുടിൻ ആദ്യമായി ഇന്ത്യ സന്ദർശിക്കുമെന്നും, ഈ വർഷം അവസാനമായിരിക്കും അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നതെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ, പ്രധാനമന്ത്രി മോദിയെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായും ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിവവയിലെ സഹകരണം ശക്തിപ്പെടുത്താൻ ഇരു നേതാക്കളും തമ്മിൽ ധാരണയിലെത്തി.