ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ, രാധാകൃഷ്ണൻ രാജ്യസഭയുടെ പ്രചോദനകരമായ ഉപരാഷ്ട്രപതിയായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"സി.പി. രാധാകൃഷ്ണൻ തന്റെ അർപ്പണബോധം, വിനയം, അറിവ് എന്നിവകൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹം വഹിച്ച വിവിധ സ്ഥാനങ്ങളിൽ, സമൂഹത്തെ സേവിക്കുന്നതിലും പാർശ്വവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിലും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. തമിഴ്നാട്ടിലെ സാധാരണ ജനങ്ങളോടൊപ്പം അദ്ദേഹം വിപുലമായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്," പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21-ന് ജഗദീപ് ധൻഖർ അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് ധൻഖർ രാജിക്ക് കാരണമായി പറഞ്ഞതെങ്കിലും, സർക്കാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലെ ഉലച്ചിലുകളും പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. പ്രതിപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തിയാൽ സെപ്റ്റംബർ 9-ന് തിരഞ്ഞെടുപ്പ് നടക്കും.
advertisement
തമിഴ്‌നാട് ബി.ജെ.പി.യുടെ മുൻ അധ്യക്ഷനായ രാധാകൃഷ്ണൻ പാർട്ടിയിൽ അതിന്റെ തുടക്കം മുതലേ പ്രവർത്തിച്ചുവരുന്ന ഒരു നേതാവാണ്. 1998 മുതൽ 2004 വരെ അദ്ദേഹം ലോക്സഭാംഗമായിരുന്നു. തമിഴ്‌നാട്ടിലെ സ്വാധീനമുള്ള ഒ.ബി.സി. വിഭാഗമായ ഗൗണ്ടർ സമുദായത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്.