TRENDING:

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

രാജ്യത്തെ എല്ലാ മ്യൂസിയങ്ങളുടെയും സമഗ്രമായ ഒരു ഡാറ്റ ബേസ് വികസിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭാവി തലമുറയ്ക്കായി തയ്യാറാക്കി സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ തീൻ മൂർത്തി ഭവനിൽ നടന്ന പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (പിഎംഎംഎല്‍) സൊസൈറ്റിയുടെ 47-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴാണ് ഈ നിര്‍ദ്ദേശം മോദി മുന്നോട്ടുവച്ചത്. രാജ്യത്തെ എല്ലാ മ്യൂസിയങ്ങളുടെയും സമഗ്രമായ ഒരു ഡാറ്റ ബേസ് വികസിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
Image: PTI
Image: PTI
advertisement

ഇന്ന് (ജൂണ്‍ 25 ബുധനാഴ്ച) അടിയന്തരാവസ്ഥയുടെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമ പോരാട്ടങ്ങളുടെയും ഒരു സമാഹാരം തയ്യാറാക്കി സംരക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. ഇത്തരത്തില്‍ രേഖകള്‍ ചിട്ടയോടെ സംരക്ഷിക്കുന്നത് ഭാവിതലമുറയെ പ്രത്യേകിച്ച് ഗവേഷകരെ ആ കാലഘട്ടത്തെ കുറിച്ച് ബുദ്ധിമുട്ടില്ലാതെ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങളുടെ ഏകീകൃത സാംസ്‌കാരികവും വിവരദായകവുമായ ഒരു ഭൂപ്രകൃതി ഒരുക്കുന്നതിനായി 'ഇന്ത്യയുടെ മ്യൂസിയം ഭൂപടം' സൃഷ്ടിക്കുന്നതിനുള്ള ഒരു ആശയവും യോഗത്തില്‍ പ്രധാനമന്ത്രി മുന്നോട്ടുവച്ചു. സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗവും അതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് രാജ്യത്തെ എല്ലാ മ്യൂസിയങ്ങളുടെയും സമഗ്രമായ ഡാറ്റബേസ് ഒരുക്കാന്‍ മോദി നിര്‍ദ്ദേശിച്ചത്. സന്ദര്‍ശകരുടെ എണ്ണം, യോഗ്യത മാനദണ്ഡങ്ങള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും മോദി പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

advertisement

പിഎംഎംഎല്ലിന്റെ പ്രധാന സമിതിയെ നയിക്കുന്നത് പ്രസിഡന്റ് നരേന്ദ്ര മോദിയും വൈസ് പ്രസിഡന്റ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമാണ്. ഇവരെ കൂടാതെ നിര്‍മ്മല സീതാരാമന്‍, ഗജേന്ദ്ര സിംഗ് ശെഖാവത്ത്, അശ്വിനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് കേന്ദ്ര മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മ്യൂസിയങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും അവയ്ക്ക് ചരിത്രത്തെ നമ്മളിലേക്ക് എത്തിക്കാനുള്ള കഴിവുണ്ടെന്നും മോദി യോഗത്തില്‍ പറഞ്ഞു. മ്യൂസിയങ്ങളില്‍ പൊതുജന താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും സമൂഹത്തില്‍ അവയ്ക്കുള്ള നിലവാരം ഉയര്‍ത്തുന്നതിനും തുടര്‍ച്ചയായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അടിവരയിട്ടു.

advertisement

മ്യൂസിയങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അറിവ് പങ്കിടുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഇവയുടെ നടത്തിപ്പുകാര്‍ക്ക് പതിവ് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ പ്രധാനമന്ത്രിമാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഒരു മ്യൂസിയം സൃഷ്ടിച്ചതിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത് അടക്കമുള്ള പാരമ്പര്യത്തിന് നീതി ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ന് മുമ്പ് ഇത് ഇങ്ങനെ ആയിരുന്നില്ലെന്നും മോദി എടുത്തുപറഞ്ഞു.

വിവിധ എംബസികളില്‍ നിന്നുള്ള ഉന്നതരെയും ഉദ്യോഗസ്ഥരെയും രാജ്യത്തെ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും മോദി പറഞ്ഞു. വര്‍ത്തമാനക്കാലം ചിട്ടയോടുകൂടി സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും മോദി സൂചിപ്പിച്ചു.മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പിഎംഎംഎല്‍ സൊസൈറ്റിയുടെ മറ്റ് അംഗങ്ങളും മുന്നോട്ടുവച്ചു. വളര്‍ച്ച, പൈതൃകം, സുസ്ഥിരത എന്നിവയുടെ പ്രതീകമായി തീന്‍ മൂര്‍ത്തി ഹൗസിന്റെ പൂന്തോട്ടത്തില്‍ ഒരു കര്‍പ്പൂരവും പ്രധാനമന്ത്രി നട്ടുപിടിപ്പിച്ചു.

advertisement

ഇന്ന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50 പൂര്‍ത്തിയാക്കുകയാണ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിന്റെ 50-ാം വാര്‍ഷികം കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയായ ബിജെപിയും ആഘോഷിക്കും. ബിജെപിയുടെ തിങ്ക് ടാങ്ക് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ (എസ്പിഎംആര്‍എഫ്) ഡല്‍ഹിയില്‍ പ്രൈം മിനിസ്റ്റര്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും ചടങ്ങില്‍ പ്രവേശനം. അടിയന്തരാവസ്ഥ കാലഘട്ടവും അതിനെതിരായ പോരാട്ടവും മൊറാര്‍ജി ദേശായിയുടെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന്റെ രൂപീകരണവും വിവരിക്കുന്ന ഒരു വലിയ പ്രദര്‍ശനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

advertisement

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണം നടത്താന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'ഭരണഘടനാ കൊലപാതക ദിനം' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അനുസ്മരണം നടത്താനാണ് നിര്‍ദ്ദേശം. ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ടോര്‍ച്ച് റാലി 2026 മാര്‍ച്ച് 21-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'കര്‍ത്തവ്യ പാത്തി'ല്‍ അവസാനിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories