2024ല്‍ മഹാരാഷ്ട്രയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിശകലനം നടത്തിയ ട്വീറ്റ് സഞ്ജയ് കുമാര്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരായാണ് മഹാരാഷ്ട്ര പോലീസ് അദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) സഹ ഡയറക്ടറാണ് സഞ്ജയ് കുമാര്‍.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എന്‍. വി. അജ്ഞരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിലൂടെ നടപടികള്‍ നിർത്തിവെച്ചത്. കുമാറിനെതിരായ എല്ലാ എഫ്‌ഐആറുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ നോട്ടീസ് അയച്ചു.
advertisement
സുപ്രീം കോടതി പറഞ്ഞതെന്ത്?
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയതിനുമാണ് സഞ്ജയ് കുമാറിനെതിരേ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു എഫ്‌ഐആര്‍ നാഗ്പൂരിലെ രാംടെക്കിലും മറ്റൊന്ന് നാസിക്കിലെ ദിയോലാലിയിലുമാണ് രജിസ്റ്റര്‍ ചെയ്തത്.
സഞ്ജയ് കുമാര്‍ വര്‍ഷങ്ങളോളമായി കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്റെ തെറ്റിന് അദ്ദേഹം ഇതിനോടകം തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ''രാജ്യത്തിനും ലോകത്തിനും വേണ്ടി 30 വര്‍ഷത്തോളം അദ്ദേഹം സത്യസന്ധമായ സേവനം നല്‍കി. സമൂഹത്തില്‍ അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് സമ്മതിക്കുകയും അതിന് ക്ഷമാപണം നടത്തുകയും ചെയ്തു,'' അഭിഭാഷകന്‍ പറഞ്ഞു.
വിവരങ്ങള്‍ നീക്കം ചെയ്യുകയും പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. അതിനുശേഷവും ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്തുവെന്ന് അഭിഭാഷകന്‍ അറിയിച്ചു. പിന്നാലെ സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും എഫ്‌ഐആറുകള്‍ റദ്ദാക്കുകയും ചെയ്തു. ''സാധാരണഗതിയില്‍ ഞങ്ങള്‍ ഇത് സ്വീകരിക്കില്ലായിരുന്നുവെന്ന്'' ചീഫ് ജസ്റ്റിസ് പറഞ്ഞു.
സഞ്ജയ് കുമാറിന് തെറ്റുപറ്റിയതെങ്ങനെ?
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ നിയമസഭാ മണ്ഡലങ്ങളായ നാസിക് വെസ്റ്റിലെയും ഹിംഗനയിലെയും വോട്ടര്‍മാരുടെ എണ്ണം യഥാക്രമം 47 ശതമാനവും 43 ശതമാനം വര്‍ധിച്ചുവെന്ന് കുമാര്‍ അവകാശപ്പെട്ടു. അതേസമയം രാംടെക്, ദേവ്‌ലാലി മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ യഥാക്രമം 38 ശതമാനത്തിന്റെയും 36 ശതമാനത്തിന്റെയും കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.
മഹാരാഷ്ട്രയിലെ 'വോട്ട് ചോരി'(വോട്ട് മോഷണം) എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും ആരംഭിച്ച പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന കണക്കുകളാണ് കുമാര്‍ പറത്തുവിട്ടത്. എന്നാല്‍ ഓഗസ്റ്റ് 19ന് കുമാര്‍ തനിക്ക് തെറ്റുപറ്റിയെന്ന് അറിയിക്കുകയും ക്ഷമാപണം നടത്തുകയും പോസ്റ്റുകള്‍ പിന്‍വലിക്കുകയുമായിരുന്നു.
''മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും കണക്കുകള്‍ താരതമ്യം ചെയ്യുന്നതിന് പിശക് സംഭവിച്ചു. ഞങ്ങളുടെ ഡാറ്റാ ടീം വിവരങ്ങള്‍ തെറ്റായി വായിക്കുകയായിരുന്നു. ഇതിന് ശേഷം ട്വീറ്റ് നീക്കം ചെയ്തു. ഒരു തരത്തിലുമുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല,'' സഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ സഞ്ജയ് കുമാറിനെതിരേ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. കുമാറിനെ യോഗേന്ദ്ര യാദവിന്റെ സംരക്ഷകന്‍ എന്ന് മുദ്രകുത്തുകയും ചെയ്തു.
''യോഗേന്ദ്ര യാദവിന്റെ ഈ സംരക്ഷകന്‍ അവസാനമായി ശരിയായ കാര്യങ്ങള്‍ പറഞ്ഞത് എപ്പോഴാണ്. ഓരോ തിരഞ്ഞെടുപ്പിനും മുമ്പുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളിലും ബിജെപി തോല്‍ക്കുമെന്ന് പറയുന്നു. തിരച്ച് സംഭവിക്കുമ്പോള്‍ ബിജെപി എങ്ങനെയാണ് വിജയിച്ചതെന്ന് ന്യായീകരിച്ചുകൊണ്ട് ടിവിയില്‍ പ്രത്യക്ഷപ്പെടുന്നു,'' ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടരുന്നതിനിടെ വോട്ടര്‍മാരുടെ എണ്ണത്തിലെ തട്ടിപ്പ്, വോട്ടര്‍ പട്ടികയില്‍ കൃത്രിമം എന്നിവ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഇലക്ഷന്‍ കമ്മിഷനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി യോജിക്കുന്നതായിരുന്നു കുമാറിന്റെ കണക്കുകള്‍.