ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടകയിലെ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ചേർത്തെന്ന് രാഹുൽഗാന്ധി പത്രസമ്മേളനത്തിൽ ആരോപിച്ചു. അതേസമയം ആരോപണങ്ങളോട് പ്രതികരിച്ച കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) രാഹുൽ ഗാന്ധിയോട് സംശയാസ്പദമായ വോട്ടർമാരുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. കർണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 1,00,250 വോട്ടുകളുടെ വോട്ട് മോഷണം ആണ് നടന്നത്. മഹാദേവപുര ബിജെപി തൂത്തുവാരിയപ്പോൾ കോൺഗ്രസ് മറ്റ് സീറ്റുകൾ നേടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
advertisement
കർണാടകയിൽ 16 സീറ്റുകളിൽ വിജയിക്കുമെന്ന് കോൺഗ്രസിന്റെ ആഭ്യന്തര പോൾ ഫലം പറഞ്ഞത്. എന്നാൽ 9 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. പിന്നീട് അപ്രതീക്ഷിത തോൽവി സമഭവിച്ച സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മഹാദേവപുരയാണ് ഇതിനായി തിരഞ്ഞെടുത്തത്. കണക്കുകളെല്ലാം ഇവിടെയുണ്ട്. രാഹുൽ ഗാന്ധി പറഞ്ഞു. മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ടിന്റെ ലീഡായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയതെന്നും ഇത് തിരിമറിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
"ലോക്സഭയിൽ ആകെ പോൾ ചെയ്ത വോട്ടുകൾ 6.26 ലക്ഷം. ബിജെപി 6,58,915 വോട്ടുകൾ നേടി വിജയിച്ചു, 32,707 വോട്ടുകളുടെ ഭൂരിപക്ഷം നേടി. എന്നാൽ മഹാദേവപുരയിലേക്ക് നോക്കാം, അവിടെ കോൺഗ്രസ് 1,15,586 വോട്ടുകളും ബിജെപി 2,29,632 വോട്ടുകളും നേടി. ഈ ഒരു നിയമസഭാ സഭ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ഈ ഒരു സീറ്റ് തിരഞ്ഞെടുപ്പിൽ അവരെ വിജയിപ്പിച്ചു." രാഹുൽ ഗാന്ധി പറഞ്ഞു.
മഹാദേവപുരയിൽ 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. അഞ്ച് വ്യത്യസ്ത രീതികളിലാണ് തിരിമറി നടന്നത്. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, വ്യാജവും അസാധുവായതുമായ വിലാസങ്ങൾ, ഒറ്റ വിലാസത്തിൽ ബൾക്ക് വോട്ടർമാ എന്നിങ്ങനെ. എന്നാൽ ഞങ്ങൾ അവിടെ പോകുമ്പോൾ അവിടെ താമസിക്കുന്ന ആളുകളുടെ ഒരു രേഖയും ഇല്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടർമാരെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങൾ ആവർത്തിച്ചുകൊണ്ട്, തിരഞ്ഞെടുപ്പിന് മുമ്പുള്ള അഞ്ച് മാസത്തിനുള്ളിൽ പട്ടികയിൽ ചേർത്ത വോട്ടർമാരുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചേർത്ത ആളുകളേക്കാൾ കൂടുതലാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ മുഴുവൻ ജനസംഖ്യയെക്കാളും കൂടുതൽ വോട്ടർമാരുണ്ടായെന്നും വൈകുന്നേരം 5 മണിക്ക് ശേഷം വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.