കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കിയെന്ന് രാഹുൽ ആരോപിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്യാജ ലോഗിൻ വഴിയാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെളിവായി കർണാടകയിലെ അലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം. മറ്റുള്ളവരുടെ വോട്ടുകൾ ഒഴിവാക്കാൻ തങ്ങളുടെ പേരുകൾ ആരോ ഉപയോഗിച്ചുവെന്ന് ഗോദാഭായി, സൂര്യകാന്ത് എന്നിവർ പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
advertisement
ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് പറഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം തുടങ്ങിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർണാടകത്തിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്' ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സൂര്യകാന്തിനേയും രാഹുൽ വാർത്താ സമ്മേളന വേദിയിൽ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങൾ ഉപയോഗിച്ചും വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ബൂത്തിലെ ആദ്യ സീരിയൽ നമ്പർ ഉപയോഗിച്ച് വോട്ട് ഡിലീറ്റ് ചെയ്യുന്നു. കർണ്ണാടത്തിന് പുറത്ത് നിന്നുള്ള കോൾ സെൻ്ററുകൾ വഴിയാണ് വോട്ടുകൾ ഒഴിവാക്കുന്നത്. ഇതിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മറുപടി പറയണം. കർണാടക പൊലീസ് കേസെടുത്തു. വിവരങ്ങൾ തേടി സർക്കാർ 18 കത്തുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. എന്നാൽ വിവരങ്ങൾ നൽകാൻ കമ്മീഷൻ തയ്യാറാകുന്നില്ല. ഒടിപി വിവരങ്ങളുടേതടക്കം വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മഹാരാഷ്‌ട്രയിലെ രജൗര മണ്ഡലത്തിലും സമാനമായ രീതിയിൽ വോട്ടുകൾ ഒഴിവാക്കി. ഒരാഴ്ചക്കുള്ളിൽ ഗ്യാനേഷ് കുമാർ വിവരങ്ങൾ കർണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിർത്തണം. അലന്ദിൽ 6018 വോട്ടുകൾ ഒഴിവാക്കിയ വിവരമാണ് കിട്ടിയത്. ഒരുപക്ഷേ കൂടുതൽ ഉണ്ടാകാം. ഗോദാബായിയുടെ വിവരങ്ങൾ ഉപയോഗിച്ച് 12 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും പല മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇതു ചെയ്തതെന്നും രാഹുൽഗാന്ധി പറഞ്ഞു.
ജനങ്ങളെ അപമാനിക്കുന്നുവെന്ന് ബിജെപി
രാഹുൽ ഗാന്ധിയുടെ വാദങ്ങളോട് പ്രതികരിച്ച്, ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് കോൺഗ്രസ് നേതാവിന്റെ പരാമർശങ്ങളെ അപലപിക്കുകയും അദ്ദേഹത്തിന്റെ വാദങ്ങൾ രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.
“രാഹുൽ ഗാന്ധിക്ക് ഭരണഘടനയോ നിയമമോ മനസ്സിലാകുന്നില്ല. 2014 മുതൽ, മോദിജിയുടെ എല്ലാ വിജയങ്ങളും വ്യാജമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത് രാജ്യത്തെ ജനങ്ങളെയും വോട്ടർമാരെയും അപമാനിക്കുന്നതാണ്. ഒരു ബോംബ് കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു, പക്ഷേ അത് വെറും കരിങ്കൊടിയായി മാറുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ ഞാൻ ശക്തമായി അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“അവർ അതിനെ ഒരു ഹൈഡ്രജൻ ബോംബ് എന്നാണ് വിളിച്ചത്. ഇതാണോ ഒരു ഹൈഡ്രജൻ ബോംബ്? അവർ തോറ്റു, അവർ ചെയ്യേണ്ടിയിരുന്നത് ജനങ്ങളുടെ മുന്നിൽ പരാജയം അംഗീകരിക്കുക, 'അതെ, നിങ്ങൾ ഞങ്ങളെ തോൽപ്പിച്ചു, കുഴപ്പമില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്ത് വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും' എന്ന് പറയുക എന്നതാണ്. പക്ഷേ അവർ കോടതികളെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ അല്ലെങ്കിൽ മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്,” ബിജെപി നേതാവും ഡൽഹി മന്ത്രിയുമായ മൻജീന്ദർ സിംഗ് സിർസ പറഞ്ഞു.
“കർണാടകയിൽ വോട്ട് അട്ടിമറി നടന്നിരുന്നെങ്കിൽ, അവിടെ നിങ്ങളുടെ സർക്കാർ എങ്ങനെ അധികാരത്തിൽ വന്നു? ഹിമാചലിൽ അവർ എങ്ങനെ സർക്കാർ രൂപീകരിച്ചു?” ബിജെപി നേതാവ് ചോദിച്ചു.
