എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് ഹരിയാനയിൽ വിജയം പ്രവചിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അപ്രതീക്ഷിത വിജയം നൽകിയതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഹരിയാണ മുഖ്യമന്ത്രി നായബ് സിങ് സൈനിയോട് മാധ്യമങ്ങൾ സംസാരിക്കുന്ന വീഡിയോയും കോൺഗ്രസ് നേതാവ് പ്രദർശിപ്പിച്ചു. 'ക്രമീകരണങ്ങൾ' പൂർത്തിയാക്കിയിട്ടുണ്ട്, തന്റെ പാർട്ടി വിജയിക്കുമെന്നും സൈനി അതിൽ പറയുന്നതായി ഗാന്ധി പറഞ്ഞു. "എന്തായിരുന്നു ഈ ക്രമീകരണങ്ങൾ?" എന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഒരു ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തിലധികം ബൂത്തുകളിലായി 22 തവണ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മോഡൽ മാത്യൂസ് ഫെറേറോയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ സ്ത്രീയുടെ പേര് 'സ്വീറ്റി, സീമ, സരസ്വതി' എന്നിങ്ങനെ പല പേരുകളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"തിരഞ്ഞെടുപ്പ് കമ്മീഷന് ഡ്യൂപ്ലിക്കേറ്റുകളെ ഒരു നിമിഷം കൊണ്ട് നീക്കം ചെയ്യാൻ കഴിയും. പിന്നെ എന്തിനാണ് അവർ അത് ചെയ്യാത്തത്? കാരണം: അവർ ബിജെപിയെ സഹായിക്കുകയാണ്," ഒരേ ചിത്രം ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പല പേരുകളുള്ള വോട്ടർ ഐഡികളുടെ നിരവധി ഉദാഹരണങ്ങൾ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
ഹരിയാനയിലെ വോട്ടർ പട്ടികയ്‌ക്കെതിരെ ഒരൊറ്റ അപ്പീൽ പോലും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. "90 നിയമസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിൽ 22 തിരഞ്ഞെടുപ്പ് ഹർജികൾ മാത്രമാണ് നിലവിലുള്ളത്," കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
പോളിംഗ് ദിവസം കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാർ എന്താണ് ചെയ്തതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. "രണ്ട് ബൂത്തുകളിലായി ഒരാൾ 200ൽ അധികം തവണ വോട്ട് ചെയ്താൽ, എന്തുകൊണ്ടാണ് കോൺഗ്രസിന്റെ പോളിംഗ് ഏജന്റുമാർ ആക്ഷേപം ഉന്നയിക്കാത്തത്? വോട്ടർ പട്ടിക അന്തിമമാക്കിയ ശേഷം അതിന്റെ പകർപ്പ് എല്ലാ പാർട്ടികൾക്കും നൽകിയിരുന്നു. അപ്പോൾ എന്തുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് പേരുകളുടെ പ്രശ്നം ഉയർത്തിക്കാട്ടിയില്ല? എന്തുകൊണ്ട് അപ്പീൽ നൽകിയില്ല? രഹസ്യ ബാലറ്റിൽ ഒരു വോട്ടർ ആർക്കാണ് വോട്ട് ചെയ്തതെന്ന് എങ്ങനെയാണ് ആരോപിക്കാൻ കഴിയുന്നത്?" എന്നും കമ്മീഷൻ ചോദിച്ചു.
