പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ചിലര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് ബിജെപി സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വാദത്തിന് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും സഖ്യകക്ഷികളും വിപരീതമായ നിലപാടാണ് സ്വീകരിച്ചത്. ഇത് അപ്രതീക്ഷിത തിരിച്ചടിയായി.
രാഹുല്‍ഗാന്ധി പറഞ്ഞത് എന്ത്?
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഈടാക്കാന്‍ തീരുമാനിച്ചതിന് പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി ചോദ്യം ചെയ്തു. ട്രംപിന്റെ സാമ്പത്തിക മാന്ദ്യ പരാമര്‍ശത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ യുഎസ് പ്രസിഡന്റിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ''ട്രംപ് പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെയുള്ള എല്ലാവര്‍ക്കും ഇക്കാര്യം അറിയാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തികമാന്ദ്യത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രസിഡന്റ് ട്രംപ് ഒരു വസ്തുത പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അദാനിയെ സഹായിക്കാന്‍ ബിജെപി സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി, രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക, പ്രതിരോധ, വിദേശ നയങ്ങളെ ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
advertisement
"വിദേശകാര്യമന്ത്രി ഒരു പ്രസംഗം നടത്തി അതില്‍ ഞങ്ങള്‍ മികച്ച വിദേശനയമുണ്ടെന്ന് പറയുന്നു. ഒരു വശത്ത് അമേരിക്ക നിങ്ങളെ ദുരുപയോഗം ചെയ്യുന്നു. മറുവശത്ത് ചൈന നിങ്ങളുടെ പിന്നിലുണ്ട്. നിങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് നിങ്ങളുടെ പ്രതിനിധി സംഘത്തെ അയക്കുമ്പോള്‍ ഒരു രാജ്യവും പാകിസ്ഥാനെ അപലപിക്കുന്നില്ല. അവര്‍ എങ്ങനെയാണ് ഈ രാജ്യത്തെ നയിക്കുന്നത്. ആകെ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിലൊന്നും ട്രംപിന്റെയും ചൈനയുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. പഹല്‍ഗാം ആക്രമണം നടത്തിയ പാക് സൈനിക മേധാവി ട്രംപിനൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നു. തങ്ങള്‍ക്ക് വലിയ വിജയം ലഭിച്ചുവെന്ന് അവര്‍ വിളിച്ചു പറയുന്നു," രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ശശി തരൂരിന്റെ നിലപാട്
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വെല്ലുവിളി നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. "യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ തുടരുകയാണ്. യുകെയുമായി നമ്മള്‍ ഇതിനോടകം ഒരു കരാര്‍ പൂര്‍ത്തിയാക്കി. മറ്റ് രാജ്യങ്ങളുമായും നമ്മള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അമേരിക്കയുമായി മത്സരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഓപ്ഷനുകള്‍ തേടണം," ശശി തരൂര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യാപാര കാര്യത്തില്‍ ഇന്ത്യ അമേരിക്കയുമായി ശക്തമായ ഒരു ചര്‍ച്ച നടത്തണമെന്നും അത് ഒഴിവാക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വ്യാപാര, വിദേശ നയങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങളെ എന്‍ഡിടിവിയ്ക്ക് നല്‍കിയ ഒരു കോളത്തില്‍ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
രാജീവ് ശുക്ല പറഞ്ഞതെന്ത്?
ട്രംപിന്റെ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് ശുക്ല പറഞ്ഞു. "ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ജീര്‍ണാവസ്ഥയിലല്ല. നരസിംഹറാവുവും മന്‍മോഹന്‍ സിംഗും ഉണ്ടായിരുന്നപ്പോഴാണ് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്. അടൽ ബിഹാരി വാജ്‌പേയി അവ മുന്നോട്ട് കൊണ്ടുപോയി. പത്ത് വര്‍ഷത്തിനുള്ളില്‍ മന്‍മോഹന്‍സിംഗ് അത് ശക്തിപ്പെടുത്തി. നിലവിലെ സര്‍ക്കാരും അതിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ സാമ്പത്തികസ്ഥിതി ഒട്ടും ദുര്‍ബലമല്ല," അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിലെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ ലഭ്യമാണെന്ന് ശിവസേന(യുടിബി) രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അതിനെ ഒരു നിര്‍ജ്ജീവമായ സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുന്നത് അഹങ്കാരം മൂലമോ അജ്ഞത മൂലമോ ആയിരിക്കും, എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
തിരിച്ചടിച്ച് ബിജെപിയും
ഇന്ത്യയുടെ സമ്പത്തിക മുന്നേറ്റത്തെ ചെറുതാക്കി കാണിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നിരന്തരമായ ശ്രമങ്ങള്‍ വെറും രാഷ്ട്രീയ പ്രഹസനമാണെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന 140 കോടി ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള അപമാനമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.