സീതാറാം യെച്ചൂരിയുടെ ജന്മദിനമായ ആഗസ്റ്റ് 12-ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ടുള്ള കുറിപ്പ് രാഹുല്‍ പങ്കിട്ടത്. "എന്റെ സുഹൃത്ത് സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുന്നു, ആദരാഞ്ജലി അര്‍പ്പിക്കുന്നു", എന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ഭയമില്ലാത്ത ഊര്‍ജ്ജവും ജനാധിപത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ആജീവനാന്ത പോരാട്ടവും ആളുകളുടെ ഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കുമെന്നും പോസ്റ്റില്‍ രാഹുല്‍ പറഞ്ഞു.
1952 ആഗസ്റ്റ് 12-ന് ചെന്നൈയിലായിരുന്നു യെച്ചൂരി ജനിച്ചത്. അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ഹൈദരാബാദിലായിരുന്നു. ഉന്നത പഠനത്തിനായി പിന്നീട് ഡല്‍ഹിയിലേക്ക് എത്തി. ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കേളേജിലും പിജിക്ക് ജെഎന്‍യുവിലും പഠിച്ചു. പഠിത്തത്തിലും യെച്ചൂരി മുന്നിലായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
advertisement
1975-ലാണ് യെച്ചൂരി പാര്‍ട്ടിയില്‍ ചേരുന്നത്. അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1985-ല്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989-ല്‍ കേന്ദ്ര സെക്രട്ടേറിയറ്റിലും 1992-ല്‍ പോളിറ്റ് ബ്യൂറോയിലും യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി പാർട്ടിയെ നയിച്ചു.
2005-ലും 2017-ലുമായി രണ്ട് തവണ രാജ്യസഭാംഗമായി. പാര്‍ലമെന്റില്‍ യെച്ചൂരി നടത്തിയിട്ടുള്ള പ്രസംഗങ്ങളും ഇടപ്പെടലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്നു അദ്ദേഹം. 2017-ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും യെച്ചൂരിക്ക് ലഭിച്ചു. ഏവര്‍ക്കും സ്വീകാര്യനായ എല്ലാ രാഷ്ട്രീയ കക്ഷികളോടും അടുപ്പമുള്ള സീതാറാം യെച്ചൂരി രാജ്യത്തെ പ്രമുഖ ഇടത് നേതാക്കളില്‍ ഒരാളായിരുന്നു. പാര്‍ലമെന്റില്‍ നടത്തിയിട്ടുള്ള ഇടപ്പെടലുകളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറന്ന് പ്രായോഗിക സഖ്യങ്ങള്‍ക്ക് രൂപം നല്‍കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21-നാണ് സീതാറാം യെച്ചൂരി മരണപ്പെടുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 'ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകന്‍' എന്നാണ് വിയോഗ വേളയില്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.