സെപ്റ്റംബർ ഒന്നിന് പാട്നയിലെ ഗാന്ധി മൈതാനത്ത് വോട്ട് അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് രാഹുലിന്റെ ബിഹാറിലെ അവസാന പൊതു പരിപാടി നടന്നത്. 25 ജില്ലകളിലൂടെയും 110 നിയമസഭ മണ്ഡലങ്ങളിലൂടെയും 1,300 കിലോമീറ്റർ സഞ്ചരിച്ച യാത്രയിലൂടെ കോൺഗ്രസിന്റെ പ്രവർത്തനശേഷിയെ പുതുക്കിയെന്ന് വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും, അതിന് ശേഷം രാഹുലിനെ കാണാതായിരിക്കുകയാണ്.
മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിന്റെ ബാനറിലും രാഹുലിന്റെ ചിത്രം കാണാനില്ല. പാട്ന റാലിക്ക് ശേഷം പൊതുസ്ഥലങ്ങളിൽ രാഹുലിനെ വെറും അഞ്ചുതവണ മാത്രമാണ് കണ്ടത്. ഇതൊന്നും ബിഹാറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടല്ല. സെപ്റ്റംബർ അവസാനം ഗുരുഗ്രാമിലെ ഒരു പിസ്സ ഔട്ട്‌ലെറ്റിലും പിന്നീട് കൊളംബിയയിലും ചിലിയിലുമുള്ള സർവകലാശാല പ്രഭാഷണങ്ങളിലും, ഒക്ടോബർ 17-ന് അസമിലെ ഗായകൻ സുബീൻ ഗാർഗിന്റെ ഗ്രാമ സന്ദർശനത്തിലും, ഒക്ടോബർ 20-ന് ഡൽഹിയിലെ ഒരു മധുര കടയിലുമാണ് അവസാനമായി രാഹുലിനെ കണ്ടത്.
advertisement
ബിഹാർ പ്രതിപക്ഷനേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനൊപ്പം ‘വോട്ട് അധികാർ യാത്ര’യിൽ പങ്കെടുത്തതിന് ശേഷമാണ് രാഹുൽ ഗാന്ധി പ്രചാരണരംഗത്ത് നിന്ന് അപ്രത്യക്ഷനായത്. 16 ദിവസമായി നീണ്ടുനിന്ന യാത്ര ബിഹാറിലെ 25 ജില്ലകളിലൂടെയും 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും 1,300 കിലോമീറ്റർ ദൂരം സഞ്ചരിച്ച് വൻ ജനപിന്തുണ നേടിയിരുന്നുവെങ്കിലും, അതിനുശേഷം രാഹുലിന്റെ സാന്നിധ്യം ബിഹാറിൽ കാണാനായിട്ടില്ല.
തേജസ്വിയുടെ റോഡ് ഷോകൾക്കും ഇടയിൽ രാഹുലിന്റെ അഭാവം ശ്രദ്ധേയമാകുന്നു. കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഛഠ് ഉത്സവം കഴിഞ്ഞ് രാഹുൽ ഗാന്ധി പ്രചാരണത്തിന് തിരിച്ചെത്തുമെന്നാണ്. ഒക്ടോബർ 29, 30 തീയതികളിൽ ബിഹാറിൽ രാഹുലിന്റെ റാലികൾ നടക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തുടർന്ന് പ്രിയങ്ക ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രചാരണത്തിൽ പങ്കെടുക്കുമെന്നാണ് പറയുന്നത്.
243 സീറ്റുകളുള്ള ബിഹാറിൽ കോൺഗ്രസ് 61 സീറ്റുകളിൽ മൽസരിക്കുകയാണ്. ആർജെഡി 143 സീറ്റുകളിലും മറ്റ് സഖ്യകക്ഷികൾ ശേഷിച്ച സീറ്റുകളിലും. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വെറും 19 സീറ്റുകൾ മാത്രമാണ് നേടിയിരുന്നത്.
