എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി പ്രോഗ്രാമിനു കീഴില്‍ രണ്ടാം ഗഡുവായി 102 കോടി ഡോളര്‍ കൂടി അനുവദിച്ച ഐഎംഎഫ് തീരുമാനത്തെയാണ് രാജ്‌നാഥ് സിങ് ചോദ്യം ചെയ്തത്. ആദ്യ ഗഡുവായി നേരത്തെ പാക്കിസ്ഥാന് 100 കോടി ഡോളര്‍ ഐഎംഎഫ് നല്‍കിയിരുന്നു. ഇന്ത്യ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പാക്കിസ്ഥാന് സഹായം നൽകാൻ ഐഎംഎഫ് ബോർഡ് അവലോകന യോഗം തീരുമാനിക്കുകയായിരുന്നു.
ഐഎംഎഫ് നല്‍കുന്ന ധനസഹായ പാക്കേജില്‍ വലിയൊരു പങ്ക് പാക്കിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന് ധനസഹായം നല്‍കുന്നത് അന്താരാഷ്ട്ര നാണയ നിധി പുനഃപരിശോധിക്കണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
advertisement
'ഓപ്പറേഷന്‍ സിന്ദൂര്‍' ദൗത്യത്തിന്റെ വിജയത്തിന് സായുധ സേനയെ മന്ത്രി അഭിനന്ദിച്ചു. ആളുകള്‍ പ്രാതല്‍ കഴിക്കാന്‍ എടുക്കുന്ന സമയം നിങ്ങള്‍ ശത്രുക്കളെ നേരിടാന്‍ ഉപയോഗിച്ചുവെന്ന് സൈന്യത്തോട് അദ്ദേഹം പറഞ്ഞു. "ശത്രുക്കളുടെ നാട്ടിലേക്ക് പോയി നിങ്ങള്‍ മിസൈലുകള്‍ വര്‍ഷിച്ചു. അതിന്റെ പ്രതിധ്വനി ഇന്ത്യയുടെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നിന്നില്ല, ലോകം മുഴുവന്‍ അത് കേട്ടു. ആ പ്രതിധ്വനി മിസൈലുകളുടെ മാത്രമല്ല നിങ്ങളുടെ ശൗര്യത്തിന്റെയും ഇന്ത്യന്‍ സായുധ സേനയിലെ ജവാന്മാരുടെ ധീരതയുടെയും കൂടിയായിരുന്നു", അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ്ക കശ്മീരില്‍ എത്തി നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. ശ്രീനഗറിലും അദ്ദേഹം പാക്കിസ്ഥാനെതിരെ സംസാരിച്ചു. പാക്കിസ്ഥാനെ പോലെ ഒരു തെമ്മാടി രാജ്യത്തിന്റെ കൈയ്യില്‍ ആണവായുധങ്ങള്‍ നല്‍കുന്നത് സുരക്ഷിതമല്ലെന്നും അത് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ വെക്കണമെന്നും അദ്ദേഹം ശ്രീനഗറില്‍ ആഹ്വാനം ചെയ്തിരുന്നു.
മോയ് 14-ന് ആണ് 102 കോടി ഡോളറിന്റെ രണ്ടാം ഗഡു ഐഎംഎഫ് പാക്കിസ്ഥാന് വിതരണം ചെയ്തത്. സാമ്പത്തികമായി ഞെരുക്കം നേരിടുന്ന പാക്കിസ്ഥാന്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായ പാക്കേജിനെ ആശ്രയിച്ചാണിരിക്കുന്നത്. പാക്കിസ്ഥാന്റെ കരുതല്‍ ധനം കൂട്ടാന്‍ ഈ സഹായം കാരണമായി.
പാപ്പരത്തത്തിന്റെ വക്കോളമെത്തിയ പാക്കിസ്ഥാന് കഴിഞ്ഞ വര്‍ഷം നിര്‍ണായക സമയത്ത് ഐഎംഎഫ് സഹായം ലഭിച്ചു. 300 കോടി ഡോളര്‍ ഹ്രസ്വകാല വായ്പ നല്‍കി ഐഎംഎഫ് പാക്കിസ്ഥാനെ കരകയറ്റി. ഐഎംഎഫില്‍ അംഗമായ കാലം മുതലുള്ള കണക്കെടുത്താല്‍ 25 സാമ്പത്തിക ധനസഹായ പാക്കേജുകളാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. ഐഎംഎഫ് വെബ്‌സൈറ്റില്‍ നിന്നും ലഭ്യമായ വിവരമാണിത്.
ഏപ്രില്‍ അവസാനം വരെയുള്ള കണക്ക് പ്രകാരം പാക്കിസ്ഥാന്റെ കരുതല്‍ ധനം 1,030 കോടി ഡോളറായിരുന്നു. ജൂണ്‍ അവസാനത്തോടെ ഇത് 1,390 കോടി ഡോളറിലെത്തുമെന്നാണ് കരുതുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പ്രാഥമിക ബജറ്റ് മിച്ചത്തിന്റെ 1.6 ശതമാനം എന്ന അനുമാനത്തില്‍ ബജറ്റ് തയ്യാറാക്കാനാണ് ഐഎംഎഫ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പലിശേതര ചെലവുകള്‍ക്ക് പുറമേ രണ്ട് ലക്ഷം കോടി രൂപ പാക്കിസ്ഥാന്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാക്കേണ്ടതുണ്ട്.