അമേരിക്കയും ഇസ്രയേലും ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അരാഗ്ചി ജയശങ്കറെ ധരിപ്പിച്ചു. ഇത്തരം നടപടികൾ പ്രാദേശികവും ആഗോളവുമായ സ്ഥിരതയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമികൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ നിയമാനുസൃതമായ അവകാശം വിനിയോഗിക്കാൻ ഇറാൻ സർക്കാരിനും ജനങ്ങൾക്കും സായുധ സേനയ്ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇറാന് നേരെയുള്ള സൈനിക ആക്രമണത്തെ അന്താരാഷ്ട്ര-പ്രാദേശിക സംഘടനകൾ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർണ്ണായക ഘട്ടത്തിൽ മേഖലയിലെയും ലോകമെമ്പാടുമുള്ള സുരക്ഷയെയും സ്ഥിരതയെയും പിന്തുണയ്ക്കുന്നതിൽ ബ്രിക്സ് (BRICS) കൂട്ടായ്മ ക്രിയാത്മകമായ പങ്ക് വഹിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
advertisement
അന്താരാഷ്ട്ര വേദികളിൽ ഉഭയകക്ഷി-ബഹുരാഷ്ട്ര സഹകരണം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത ജയ്ശങ്കർ അറിയിച്ചു. മേഖലയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധം മൂലം അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാക വഹിച്ച 28 മുതൽ 30 വരെ വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണ്. ഇതിനിടെ ഷെൻലോംഗ് (ലൈബീരിയൻ പതാകയുള്ള കപ്പൽ, ഇന്ത്യൻ ക്യാപ്റ്റൻ), പുഷ്പക്, പരിമൾ എന്നീ മൂന്ന് കപ്പലുകൾ കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്ക് കടന്നിരുന്നു.
