മന്ദാകിനി നദിയുടെ തീരത്ത് നടക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മേളയാണിത്. ഔറംഗസീബിന്റെ കാലം മുതലുള്ള മേളയാണിത്. രാജസ്ഥാനിലെ പുഷ്‌കര്‍ മേള കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൃഗ വിപണിയാണ് ചിത്രകൂട് മേള. ഇന്ത്യ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളെ മേള ആകര്‍ഷിക്കുന്നു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമായി എത്തുന്ന 15,000-ത്തിലധികം കഴുതകളും കോവര്‍കഴുതകളും മേളയിലെ പ്രധാന ആകര്‍ഷണമാണ്. 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയിലധികമാണ് ഇവയുടെ വില. ഓരോ ഇനത്തിന്റെയും കരുത്ത്, നടത്തം തുടങ്ങിയ ഘടകങ്ങള്‍ ആശ്രയിച്ച് വിലയും വ്യത്യാസപ്പെടാം.
advertisement
മേളയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നത്തെയും പോലെ സെലിബ്രിറ്റി പേരുള്ള കഴുതകളാണ്. സല്‍മാന്‍ ഖാന്‍, ഷാരൂഖ്, ബസന്തി, ധോണി എന്നിങ്ങനെയാണ് കഴുതകളുടെ പേരുകള്‍. ലേലം വിളിച്ചാണ് ഇവയുടെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം സല്‍മാനെ 1.85 ലക്ഷത്തിനും ഷാരൂഖിനെ 1.25 ലക്ഷത്തിനും ബസന്തിയെ 85000 രൂപയ്ക്കുമാണ് വിറ്റത്.
ബോളിവുഡ് താരങ്ങളുടെയോ കായിക താരങ്ങളുടെയോ പേരുകള്‍ കഴുതകള്‍ക്കിടുന്ന പാരമ്പര്യം വിപണിയില്‍ തമാശയും ഒപ്പം മത്സരവും ചേര്‍ക്കുന്നു.
വാങ്ങാനെത്തിയവര്‍ക്കു മുന്നില്‍ ഇവയെ അണിനിരത്തുന്നു. ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ഇവയുടെ കരുത്ത് കാട്ടുന്നു. തുടര്‍ന്ന് വ്യാപാരികള്‍ മൂല്യം പറയും. ഇങ്ങനെ വിളിച്ച് പറഞ്ഞ് ലേലം വിളിച്ചാണ് വില്‍പ്പന.
1670-ല്‍ ഔറംഗസീബ് ചക്രവര്‍ത്തിയുടെ കാലത്താണ് ചിത്രകൂട് കഴുത മേളയുടെ ഉത്ഭവം. അദ്ദേഹം തന്റെ സൈന്യത്തിനും നിര്‍മ്മാണ പദ്ധതികള്‍ക്കുമായി കഴുതകളെയും കോവര്‍കഴുതകളെയും വിതരണം ചെയ്യുന്നതിനായാണ് ഈ വിപണി സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഔറംഗസീബിന്റെ ഭരണകാലം കര്‍ക്കശമായ നടപടികളുടെ പേരില്‍ പലപ്പോഴും ഓര്‍മ്മിക്കപ്പെടുമ്പോള്‍ ഈ മേള പ്രദേശത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനയായി പരിഗണിക്കപ്പെടുന്നു.
എല്ലാ ദീപാവലിയിലും നടക്കുന്ന ആചാരമായി പിന്നീട് ഇത് മാറുകയായിരുന്നു. എന്നാല്‍ വിപണി വര്‍ഷം കഴിയുന്തോറും ചുരുങ്ങുകയാണെന്നും ഓരോ വര്‍ഷവും കുറച്ച് വ്യാപാരികളും വാങ്ങുന്നവരും മാത്രമാണ് ഇപ്പോള്‍ എത്തുന്നതെന്നും മേളയുടെ മുഖ്യ സംഘാടകനായ രമേശ് പാണ്ഡെ പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു ദശാബ്ദത്തിനുള്ളില്‍ മേള തന്നെ ഇല്ലാതായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ മേളയിലെ മറ്റൊരു പ്രധാന ആകര്‍ഷണം സ്ത്രീകളുടെ സാന്നിധ്യമാണ്. ഒരു കാലത്ത് പുരുഷന്മാര്‍ മാത്രം എത്തിയിരുന്ന മേളയില്‍ ഇപ്പോള്‍ വനിതാ വ്യാപാരികളും എത്തുന്നു. ബീഹാറില്‍ നിന്നുള്ള ഒരു സ്ത്രീ അവരുടെ മരുമകള്‍ക്കൊപ്പം എത്തി. അവര്‍ ഒരുമിച്ച് 6,000 മുതല്‍ 30,000 രൂപ വരെ വിലയുള്ള 15 മൃഗങ്ങളെ വാങ്ങി.
മൂന്ന് ദിവസത്തെ മേളയില്‍ മൊത്തം ഏതാണ്ട് 8,000 മൃഗങ്ങളുടെ വില്‍പ്പന നടന്നു. ഏകദേശം 10 കോടി രൂപയുടെ ഇപാടാണ് നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇഷ്ടിക ചൂളകളിലുമാണ് ഇവയെ ഉപയോഗിക്കുന്നത്. കഴുതകള്‍ക്കുപകരം പല മേഖലകളിലും യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മേളയില്‍ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറുതും ഇടുങ്ങിയതുമായ പ്രദേശങ്ങളില്‍ കഴുതകള്‍ തന്നെയാണ് ഇപ്പോഴും ജോലി ചെയ്യുന്നത്. ഇവയെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്നും ഒരു വ്യാപാരി പറഞ്ഞു.
ദീപാവലി ആഘോഷങ്ങളോടൊപ്പം ഈ മേള ചിത്രകൂടത്തിന്റെ ഉത്സവ സീസണിന് ഒരു സവിശേഷ താളം നല്‍കുന്നു. മന്ദാകിനി നദിക്കരയില്‍ തീര്‍ത്ഥാടകര്‍ ആചാരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഒത്തുകൂടുന്നു. വിശ്വാസത്തിന്റെയും വാണിജ്യത്തിന്റെയും സംയോജനം ഘാട്ടുകളില്‍ മിന്നിമറയുന്ന എണ്ണ വിളക്കുകളും മാര്‍ക്കറ്റില്‍ മുഴങ്ങുന്ന കഴുത മണികളും അവിശ്വസനീയമായ ഒരു സവിശേഷത നല്‍കുന്നു.