അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഹാനെ നിലവിൽ അറസ്റ്റ് ചെയ്തതെന്ന് സൗത്ത് ബംഗാൾ എഡിജി സുപ്രതിം സർക്കാർ മാധ്യമങ്ങളോട് വ്യക്തമാക്കി. " നോർത്ത് 24 പർഗാനാസിലെ മിനാഖാനിലെ ബമൻപുക്കൂർ പ്രദേശത്ത് നിന്ന് ബുധനാഴ്ച രാത്രി വൈകിയാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. ജനുവരി 5 ന് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഷാജഹാനെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളിലൊരാളാണ് ഇയാൾ. ഈ മാസം ആദ്യം സന്ദേശ്ഖാലിയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മറ്റ് നിരവധി കേസുകളും ഷാജഹാനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
advertisement
നിലവിൽ ബസിർഹട്ട് ജയിലിൽ കഴിയുന്ന പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും. അതേസമയം ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റിൽ ടിഎംസി നേതാവ് കുനാൽ ഘോഷും പ്രതികരിച്ചു. " സംസ്ഥാന (പശ്ചിമ ബംഗാൾ) പോലീസിൻ്റെ നടപടികളെ സ്വാഗതം ചെയ്യുന്നു. പോലീസിന് ഈ കാര്യത്തിൽ നടപടിയെടുക്കാൻ കഴിയാത്ത വിധം ബഹുമാനപ്പെട്ട ഹൈക്കോടതി ചില വിലക്കുകൾ ഏർപ്പെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഞങ്ങളുടെ നേതാവ് അഭിഷേക് ബാനർജി രംഗത്തെത്തിയിരുന്നു. അദ്ദേഹം ഈ പ്രശ്നം ആരോപിച്ചതിനുശേഷം ഹൈക്കോടതി നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തു" ടിഎംസി നേതാവ് കുനാൽ ഘോഷ് കൂട്ടിച്ചേർത്തു.
എന്നാൽ ഷെയ്ഖ് ഷാജഹാൻ പോലീസിൻ്റെ 'സുരക്ഷിതമായ കസ്റ്റഡിയിലാണെന്ന് ബിജെപി ആരോപിക്കുന്നു. ഷെയ്ഖ് ഷാജഹാൻ ഉൾപ്പെടെയുള്ള ചില പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി കൈയേറ്റത്തിനും എതിരെയുള്ള പ്രതിഷേധങ്ങൾ സന്ദേശ്ഖാലി ഗ്രാമത്തിൽ ശക്തമായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞതും പശ്ചിമ ബംഗാൾ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായി.
ഈ വിഷയത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ടിഎംസി ഉറപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ഷാജഹാന്റെ അറസ്റ്റ്. " ആരും സംരക്ഷിക്കപ്പെടുന്നില്ല; ആരും നിയമത്തിൽ നിന്ന് രക്ഷപ്പെടുകയുമില്ല... ടിഎംസിയും ബംഗാൾ സർക്കാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്, അതിനാൽ ഷെയ്ഖ് ഷാജഹാൻ ഉടൻ തന്നെ അറസ്റ്റിൽ ആകും എന്ന് ഉറപ്പുണ്ടായിരുന്നു" ടിഎംസി രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സാഗരിക ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.