ദളിത് വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ രണ്ടാമത്തെ ചീഫ് ജസ്റ്റിസായ ബിആര്‍ ഗവായിയാണ് സുപ്രീം കോടതിയുടെ ജുഡീഷ്യല്‍ ഇതര സ്റ്റാഫ് ജോലികളില്‍ സംവരണം ഏർപ്പെടുത്തിയത്. ശാരീകമായി വെല്ലുവിളി നേരിടുന്നവര്‍ക്കും മുന്‍ സൈനികര്‍ക്കും സ്വാതന്ത്രസമരസേനാനികളുടെ ആശ്രിതര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1961ലെ സുപ്രീം കോര്‍ട്ട് ഓഫീസേഴ്‌സ് ആന്‍ഡ് സെര്‍വന്റ്‌സ് ചട്ടങ്ങളിലെ റൂള്‍4എ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍146(2) പ്രകാരം ചീഫ് ജസ്റ്റിസ് ഗവായിയാണ് നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനമെടുത്തത്. അതേസമയം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള(ഇഡബ്ല്യുഎസ്) സംവരണം ഒഴിവാക്കി. 2019ലെ ഭരണഘടനയുടെ 103ാം ഭേദഗതി നിയമത്തിലൂടെയാണ് പാര്‍ലമെന്റ് സാമ്പത്തികമായി ദുര്‍ബല വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയത്.
advertisement
ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശപ്രകാരം ഭേദഗതി ചെയ്ത നിയമത്തിലെ ചട്ടം 4എ ജൂലൈ 3ന് പുറപ്പെടുവിച്ച വിജ്ഞാപത്തിലൂടെ ഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു.
''പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്രസമര സേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള വിവിധ വിഭാഗങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള തസ്തികയ്ക്ക് അനുസൃതമായ ശമ്പള സ്‌കെയിലിലുള്ള തസ്തികകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍, ഉത്തരവുകള്‍, അറിയിപ്പുകള്‍ എന്നിവ അനുസരിച്ച് മാറ്റമുണ്ടാകും. ചീഫ് ജസ്റ്റിസ് കാലാകാലങ്ങളില്‍ വരുത്തിയേക്കാവുന്ന പരിഷ്‌കരണങ്ങള്‍, വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ ഒഴിവാക്കലുകള്‍ എന്നിവയ്ക്ക് ഇത് വിധേയമായിരിക്കും,'' വിജ്ഞാപനത്തില്‍ പറയുന്നു.
103ാമത് ഭരണഘടന ഭേദഗതി നിയമം പ്രകാരം സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനായി ആര്‍ട്ടിക്കിള്‍ 15(6), 16(6) എന്നിവ പാർലമെന്റ് അവതരിപ്പിച്ചത്. 2019 ജനുവരി 12ന് ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇഡബ്ല്യുഎസ് ക്വോട്ടയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 20ല്‍പരം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 1992ലെ ഇന്ദ്ര സാഹ്നി വിധിന്യായത്തില്‍ സുപ്രീം കോടതി ഏര്‍പ്പെടുത്തിയ 50 ശതമാനം പരിധി ഇത് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹര്‍ജികളും സമര്‍പ്പിച്ചത്.
2022 നവംബര്‍ ഏഴിന് അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇഡബ്ല്യുഎസ് സംവരണം സാധുവാണെന്ന് വിധിച്ചിരുന്നു. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേരാണ് സംവരണം സാധുവാണെന്ന നിലപാടെടുത്തത്. 2022 ഡിസംബര്‍ ആറിന് സൊസൈറ്റി ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ബാക്ക് വേര്‍ഡ് കമ്യൂണിറ്റിസ് എന്ന എന്‍ജിഒ നവംബര്‍ ഏഴിനെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി ഫയല്‍ ചെയ്തു. 2023 മേയ് 9-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് പുനഃപരിശോധന ഹര്‍ജി തള്ളി.