"പര്യടനത്തിന്റെ ഭാഗമായി നിങ്ങള്‍ നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ പോയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് തെളിവ് കാണിക്കാന്‍ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ നിഷേധിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്," ഇഷാന്‍ ചോദിച്ചു.
പാകിസ്ഥാനെതിരേ കൃത്യമായി തെളിവുകള്‍ ഇല്ലാതിരുന്നുവെങ്കില്‍ ഇന്ത്യ ഇതുപോലെ തിരിച്ചടിക്കുമായിരുന്നില്ലെന്ന് ശശി തരൂര്‍ ഉത്തരം നല്‍കി. "താങ്കൾ ഈ ചോദ്യം ചോദിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ലളിതമായി പറഞ്ഞാല്‍ ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ല. ആരും ഞങ്ങളോട് തെളിവ് ചോദിച്ചിട്ടില്ല. പക്ഷേ, മാധ്യമങ്ങള്‍ രണ്ടോ മൂന്നോ തവണ ചോദിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഇന്ത്യ ഇത് ചെയ്യുമായിരുന്നില്ല എന്ന് ഞാന്‍ വ്യക്തമായി പറയട്ടെ," തരൂര്‍ പറഞ്ഞു.
advertisement
മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കി ശശി തരൂര്‍
പാകിസ്ഥാന്റെ ഭീകരവാദ ഇടപെടലിനെക്കുറിച്ച് തരൂര്‍ കൂടുതല്‍ വിശദീകരിച്ചു. 37 വര്‍ഷം അവര്‍ നടത്തിയ ഭീകരാക്രമണ രീതിയും ആവര്‍ത്തിച്ച് അവര്‍ നടത്തുന്ന നിഷേധങ്ങളും തരൂര്‍ എടുത്തുപറഞ്ഞു. 2008ലെ മുംബൈ ആക്രമണവും പാകിസ്ഥാനിലെ ഒരു സൈനിക താവളത്തിനടുത്തായി ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്നതും തരൂര്‍ ചൂണ്ടിക്കാട്ടി.
ഒന്നാമത്തെ കാരണം-മുംബൈ ആക്രമണം, ഒസാമ ബിന്‍ ലാദന്റെ സുരക്ഷിത താമസം
"നിങ്ങളുടെ ശ്രദ്ധയിലേക്ക് മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒന്നാമത്തേത് കഴിഞ്ഞ 37 വര്‍ഷമായി പാകിസ്ഥാന്‍ നമുക്കെതിരേ ഭീകരാക്രമണം നടത്തുന്നു. അതോടൊപ്പം തന്നെ അവര്‍ ആവര്‍ത്തിച്ച് ഇക്കാര്യം നിഷേധിക്കുന്നു. ഒരു കന്റോണ്‍മെന്റ് നഗരത്തിലെ ഒരു സൈനിക താവളത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സുരക്ഷിത ഭവനത്തില്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തുന്നത് വരെ പാകിസ്ഥാന് അയാള്‍ എവിടെയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന കാര്യം അമേരിക്കക്കാര്‍ മറന്നിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. അതാണ് പാകിസ്ഥാന്‍," തരൂര്‍ പറഞ്ഞു.
"മുംബൈ ആക്രമണവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അവര്‍ പറഞ്ഞു. ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ ജീവനോടെ പിടികൂടി. അയാളുടെ വിലാസവും പൗരത്വം പാകിസ്ഥാനിലാണ്. ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി. എവിടെയാണ് പരിശീലനം നേടിയതെന്നും എന്താണ് ചെയ്തതെന്നും അയാള്‍ ഞങ്ങളോട് പറഞ്ഞു," തരൂര്‍ കൂട്ടിച്ചേര്‍ത്തു.
"പാകിസ്ഥാന്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ തീവ്രവാദികളെ അയയ്ക്കും. അവര്‍ പിടിയിലാകുന്നത് വരെ അങ്ങനെ ചെയ്തിട്ടില്ലെന്ന് അവര്‍ നിഷേധിക്കും. അതാണ് ആദ്യത്തേത്," അദ്ദേഹം വ്യക്തമാക്കി
രണ്ടാമത്തെ കാരണം-പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു
ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ അറിയപ്പെടുന്ന പ്രോക്‌സി ഫ്രണ്ട് എന്നാണ് റെസിസ്റ്റന്‍സ് ഫ്രണ്ടിനെ തരൂർ വിശേഷിപ്പിച്ചത്. പഹല്‍ഗാം ആക്രമണം കഴിഞ്ഞ് 45 മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഐക്യരാഷ്ട്രസഭയും യുഎസ് ആഭ്യന്തര വകുപ്പും നിരോധിച്ച സംഘടനയാണ് റെസിസ്റ്റന്‍സ് ഫ്രണ്ട്. പാകിസ്ഥാനിലെ മുരിഡ്‌കെ പട്ടണത്തിലാണ് ഇവര്‍ താവളമാക്കി പ്രവര്‍ത്തിക്കുന്നത്," തരൂര്‍ പറഞ്ഞു. ഇന്ത്യ ഇക്കാര്യം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാമത്തെ കാരണം-പാകിസ്ഥാനില്‍ തീവ്രവാദികള്‍ക്കുള്ള ശവസംസ്‌കാര ചടങ്ങുകള്‍
മേയ് ഏഴിന് ഇന്ത്യ നടത്തിയ ആദ്യ ആക്രമണത്തിന് ശേഷം ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെയാണ് നടത്തിയതെന്ന് തരൂര്‍ മൂന്നാമതായി എടുത്തു പറഞ്ഞു.
"മേയ് ഏഴിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവടങ്ങളിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ഈ തീവ്രവാദികളുടെ ബന്ധുക്കള്‍ നടത്തുന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അവരുടെ യൂണിഫോമില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് ശക്തമായ തെളിവുകളാണ് പരിശോധിക്കുന്നത്," തരൂര്‍ വ്യക്തമാക്കി.