പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎസില്‍ സംസാരിക്കവെ ശശി തരൂര്‍ വ്യക്തമാക്കി.
മേയ് 10ന് ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ പാകിസ്ഥാന് കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ''അമേരിക്കന്‍ പ്രസിഡന്‍സിയോടും അമേരിക്കന്‍ പ്രസിഡന്റിനോടും(ഡൊണാള്‍ഡ് ട്രംപ്) ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്. ഞങ്ങള്‍ക്ക് സ്വയം പറയാന്‍ കഴിയുന്ന കാര്യം ആരോടും മധ്യസ്ഥത വഹിക്കാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല,'' അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ 'സറണ്ടർ' പരാമര്‍ശവും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കുമെന്ന ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ ശശി തരൂർ മറുപടി നൽകിയത്.
advertisement
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യ പാകിസ്ഥാനിലെ 11 സൈനിക വ്യോമതാവളങ്ങള്‍ ആക്രമിച്ചതായും കൂട്ടിച്ചേര്‍ത്തു.
''പൊതുജനങ്ങള്‍ക്കൂ കൂടി ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളിൽ വ്യാപകമായ നാശനഷ്ടം പാകിസ്ഥാന് ഉണ്ടാക്കിയതായി വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ പാക് വ്യോമതാവളങ്ങളുടെ റണ്‍വേയില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാകുകയും ഓപ്പറേഷന്‍ കമാന്‍ഡ് സെന്ററുകള്‍ക്ക് നേരെ ബോംബ് വര്‍ഷിക്കുകയും ചെയ്തു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇന്ത്യയുടെ ആക്രമണങ്ങള്‍ വലിയ നാശനഷ്ടം വരുത്തിയതായി പാകിസ്ഥാന്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. തെക്ക് ഹൈദരാബാദ് മുതല്‍ വടക്ക് പടിഞ്ഞാറന്‍ മേഖലയായ പെഷവാര്‍ വരെ ഇന്ത്യ ആക്രമണം നടത്തി,'' അദ്ദേഹം വ്യക്തമാക്കി.
''ഇന്ത്യയ്ക്ക് എന്തൊക്കെ നാശനഷ്ടങ്ങള്‍ തങ്ങൾ വരുത്തിയെന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ തടയാന്‍ അത് പര്യാപ്തമല്ലെന്ന് അവര്‍ക്ക് വളരെ വ്യക്തമാണ്. ഇതിനാല്‍ ആക്രമണം നിറുത്തിവയ്ക്കാന്‍ അഭ്യര്‍ഥിക്കാന്‍ അവര്‍ തീരുമാനിച്ചു. അപ്രകാരം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,'' അദ്ദേഹം പറഞ്ഞു.
''ഞങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ചര്‍ച്ചകള്‍ നടത്തില്ലെന്ന് ഇന്ത്യ വളരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് യുഎസ് കുറച്ചുകാലമായി മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,'' അദ്ദേഹം പറഞ്ഞു.
''പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിയില്ല എന്നല്ല ഇതിന്റെ അർത്ഥം. ഞാന്‍ കഴിഞ്ഞ ദിവസം ഒരു തമാശ പറഞ്ഞു. അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന എല്ലാ ഭാഷകളും നമുക്ക് സംസാരിക്കാന്‍ കഴിയും. ആ ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍ അവരുമായി സംഭാഷണം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്,'' അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ ഇന്ത്യ വീണ്ടും നടപടികള്‍ സ്വീകരിക്കുമെന്നും തിരിച്ചടിക്കുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നതിലും വ്യക്തമാക്കുന്നതിനും മധ്യസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അത് വിശദീകരിക്കുന്നതിനായാണ് സര്‍വകക്ഷി പ്രതിനിധി സംഘം യുഎസില്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബ്രസീല്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രതിനിധി സംഘം യുഎസിലെത്തിയത്. ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ സാധാരണക്കാരായ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേ ഇന്ത്യ പാകിസ്ഥാനെതിരേ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നിലെ ലക്ഷ്യം ലോകരാജ്യങ്ങള്‍ക്ക് വ്യക്തമാക്കുക എന്നതാണ് പ്രതിനിധി സംഘങ്ങളുടെ ലക്ഷ്യം.
