പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുൻ മന്ത്രിമാരും എം.പിമാരും കത്തയച്ച സാഹചര്യത്തിൽ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്ന് സോണിയ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സോണിയയോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതിനെ തുടർന്നാണ് സോണിയ ഗാന്ധി പ്രവർത്തക സമിതിയിൽ താൽക്കാലിക അധ്യക്ഷ സ്ഥാനം ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മുൻ മന്ത്രിമാർ, എംപിമാർ എന്നിവരുടെ നേതൃത്വത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയത്.
advertisement
ഇതിനിടെ രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ഉയർന്നു വന്നു.പ്രവർത്തക സമിതി യോഗം ചേരുന്നതിനിടെ ഗാന്ധി കുടുംബത്തിന് പിന്തുണയുമായി എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അണിനിരന്നു.ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയും പാർട്ടി അധ്യക്ഷനായി അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പാർട്ടി ആസ്ഥാനത്തിന് മുന്നിലെത്തിയ പ്രവർത്തകർ.