സോണിയ ഗാന്ധിയുടെ പേര് 1980 ലെ വോട്ടർ പട്ടികയിലുണ്ടെന്ന തെളിവുകൾ ബി.ജെ.പി നേതാവ് അനുരാഗ് താക്കൂർ ഇന്ന് രാവിലെ പുറത്തുവിട്ടു. സഫ്ദർജംഗ് റോഡിലെ 145-ാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. 1983 ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും, അതിന് മുൻപേ ഇവിടുത്തെ വോട്ടർ പട്ടികയിൽ സോണിയയുണ്ടായിരുന്നുവെന്നും അനുരാഗ് താക്കൂർ വെളിപ്പെടുത്തി.
വോട്ട് തട്ടിപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബി.ജെ.പി ഒത്തുകളിക്കുന്നു എന്ന കോൺഗ്രസിൻ്റെ ആരോപണത്തിന് മറുപടിയായാണ് ഈ ആക്ഷേപം ഉയർത്തിയിട്ടുള്ളത്. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധി 1980 മുതൽ 1982 വരെയുള്ള കാലഘട്ടത്തിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും, 1983-ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വിവരിച്ചു.
advertisement
ബി.ജെ.പി നേതാവ് അമിത് മാളവ്യ നേരത്തെ എക്സിൽ 1980 ലെ വോട്ടർ പട്ടികയുടെ പകർപ്പ് എന്ന പേരിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. അതിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നു മാളവ്യ അവകാശപ്പെട്ടു. 1968-ൽ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുമ്പോൾ 1980 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൂട്ടിച്ചേർത്തതാണെന്നു മാളവ്യ ആരോപിച്ചു.