സമൂഹത്തിലെ പാര്‍ശവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായി ആവിഷ്‌കാര സ്വാതന്ത്ര്യം സന്തുലിതമാക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന് (എന്‍ബിഡിഎ) വേണ്ടി ഹാജരായ അഭിഭാഷക നിഷ ഭംഭാനി വാദിച്ചു. എന്‍ബിഡിഎയുമായി കൂടിയാലോചിച്ച ശേഷം പോഡ്കാസ്റ്റുകള്‍ പോലെയുള്ള ഓണ്‍ലൈന്‍ ഷോകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു.
കോമഡി ഷോകള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബെഞ്ച് പറഞ്ഞു. അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ അവകാശങ്ങളെ ഇത്തരം കണ്ടന്റുകള്‍ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) നിയമങ്ങള്‍ക്ക് അനുസൃതമായി നിയമങ്ങള്‍ വികസിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
advertisement
അംഗവൈകല്യമുള്ള വ്യക്തികളെ അധിക്ഷേപിച്ചുകൊണ്ട് ഹാസ്യനടന്‍ സമയ് റെയ്‌ന പങ്കുവെച്ച ഉള്ളടക്കമാണ് കേസിനാധാരം. ഒരിക്കല്‍ സംസാരം ഒരു പണം ലഭിക്കുന്ന ആവാസ വ്യവസ്ഥയുടെ ഭാഗമായി മാറിക്കഴിഞ്ഞാല്‍ കണ്ടന്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് അവരുടെ വാക്കുകളിലുള്ള സാമൂഹിക സ്വാധീനം അവഗണിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. തമാശയായി അവതരിപ്പിക്കുന്നത് ചില വിഭാഗങ്ങള്‍ ദോഷമായി മാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഇന്ന് പരിഹസിക്കപ്പെടുന്നത് വികലാംഗരായ ആളുകളായിക്കും. എന്നാല്‍ നാളെ സ്ത്രീകളെയോ കുട്ടികളെയോ മുതിര്‍ന്ന പൗരന്മാരെയോ അവർ ലക്ഷ്യമിടുമെന്നും ജസ്റ്റിസ് കാന്ത് ചൂണ്ടിക്കാട്ടി. ഇത്തരം രീതികള്‍ അധിക്ഷേപ പരാമര്‍ശങ്ങളെ സാധാരണ സംഭവമാക്കുകയും ഭരണഘടനാ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പോലെയുള്ള വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തില്‍ സോഷ്യല്‍ മീഡിയ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. അതിനാല്‍ വ്യത്യസ്ത സമൂഹങ്ങളുടെ വികാരങ്ങളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് നാഗരത്‌ന ഊന്നപ്പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം കുറ്റകരമായ പെരുമാറ്റത്തിനുള്ള ഒരു കവചമായി മാറ്റുന്നത് അനുവദിക്കാനാവില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ സ്വതന്ത്രമായ സംസാരത്തെ പൂര്‍ണമായും നിയന്ത്രിക്കാന്‍ ശ്രമിക്കുകയില്ലെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. അന്തസ്സ് സംരക്ഷിക്കുന്നതിനോടൊപ്പം അവകാശങ്ങളുടെ ദുരുപയോഗം തടയുന്ന ഒരു ചട്ടക്കൂട്ട് രൂപപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
സോഷ്യല്‍ മീഡിയയിലെ പെരുമാറ്റത്തിന്റെ നിരവധി വശങ്ങളെ രാജ്യത്ത് നിലവിലുള്ള ഐടി നിയമങ്ങള്‍ ഇതിനോടകം തന്നെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ പറഞ്ഞു. എന്നാല്‍ ഉന്നയിച്ച ആശങ്കകള്‍ കണക്കിലെടുത്ത് അധിക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പ് നല്‍കി.