സെപ്റ്റംബര്‍ 1 വരെയാണ് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം നല്‍കിയിരുന്നത്. ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി എം.പി. മനോജ് കുമാര്‍ ഝാ, ബീഹാര്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍ തുടങ്ങിയ രാഷ്ട്രീയ പ്രതിനിധികളാണ് ഹര്‍ജി നല്‍കിയത്. ഈ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള വിശ്വാസക്കുറവ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറയുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
advertisement
വോട്ടര്‍ പട്ടിക തയ്യാറാക്കിയതിനുശേഷവും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുവരെയും വോട്ടര്‍മാര്‍ക്ക് അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അവകാശ വാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ വോട്ടര്‍മാരെ സഹായിക്കുന്നതിന് വളണ്ടിയര്‍മാരെ നിയോഗിക്കാനും സുപ്രീം കോടതി ബെഞ്ച് ബീഹാര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള വിശ്വാസമില്ലായ്മ കോടതി ശ്രദ്ധിച്ചു. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള എതിര്‍പ്പുകളുടെയും അവകാശവാദങ്ങളുടെയും എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജിക്കാരെ വിമര്‍ശിക്കുകയും ചെയ്തു. ദയവായി സ്വന്തം പാര്‍ട്ടിയോട് സജീവമാകാന്‍ പറയുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ പ്രക്രിയയില്‍ മുന്‍കൈയ്യെടുക്കണമെന്നും ബെഞ്ച് ആര്‍ജെഡിയോട് പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ 65 ലക്ഷം വോട്ടര്‍മാരുടെ കണക്കിനെ ആശ്രയിക്കുന്നതിനു പകരം ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം അവകാശ വാദങ്ങള്‍ നിരസിക്കപ്പെട്ട വ്യക്തികളെ പ്രത്യേകം തിരിച്ചറിയാന്‍ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളോടും ഹര്‍ജിക്കാരോടും ആവശ്യപ്പെട്ടു.
ഈ 65 ലക്ഷം പേരെ ആധാര്‍ കാര്‍ഡിനൊപ്പം അവരുടെ വിശദാംശങ്ങളും സമര്‍പ്പിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാരുടെ പോര്‍ട്ടലുകളിലും ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഇസിഐയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഒഴിവാക്കലിനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും പുനരവലോകന പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കിക്കൊണ്ട് ഡാറ്റ തിരയാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ മാസം എട്ടിന് കേസില്‍ കൂടുതല്‍ വാദം കേള്‍ക്കും.